
ന്യൂഡൽഹി: പുതിയ ഉപഭോക്തൃ വിലസൂചികയിലെ മാറ്റത്തിലൂടെ സർക്കാർ ജീവനക്കാരുടെയും സംഘടിതമേഖലയിലെ ജീവനക്കാരുടെയും വേതനം വർദ്ധിക്കുമെന്ന വാർത്തകൾ കേന്ദ്ര തൊഴിൽ മന്ത്രാലയം നിഷേധിച്ചു. പുതിയ സൂചിക ബുധനാഴ്ച പുറത്തുവിടുമെങ്കിലും ശമ്പളം കൂടുമെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ജീവനക്കാരുടെ ക്ഷാമബത്തയിലെ മാറ്റം പുതിയ സൂചികയുടെ സ്വഭാവത്തിന് അനുസരിച്ചായിരിക്കും. അക്കാര്യം ഇപ്പോൾ പ്രവചിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സെപ്തംബറിലെ ഉപഭോക്തൃ വിലസൂചികയാണ് ബുധനാഴ്ച പുറത്തുവരിക. സൂചിക കണക്കാക്കാനുള്ള അടിസ്ഥാന വർഷം 2001 ന് പകരം 2016 ആക്കി മാറ്റാനാണ് കേന്ദ്ര തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. അടിസ്ഥാനവർഷത്തിൽ മാറ്റം വരുത്തുന്നതോടെ സൂചികയിൽ വർദ്ധനവുണ്ടാകും. അതിന് അനുസൃതമായി ജീവനക്കാരുടെ ക്ഷാമബത്ത കൂടുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉപഭോക്തൃ താത്പര്യങ്ങളിൽ വന്ന മാറ്റങ്ങൾ പരിഗണിച്ചാണ് പരിഷ്കാരം. ഭക്ഷ്യഉപഭോഗ ചെലവിന് നൽകിയിരുന്ന വെയിറ്റേജ് 46 ശതമാനത്തിൽ നിന്ന് 39 ശതമാനമാക്കി കുറച്ച് ആരോഗ്യം, വിദ്യാഭ്യാസം, സേവനങ്ങൾ, ഗൃഹോപകരണങ്ങൾ, വിനോദം, ആശയവിനിമയം എന്നിവയ്ക്കുള്ള വെയിറ്റേജ് 23 ൽ നിന്ന് 30 ശതമാനമായി ഉയർത്തിയേക്കും.