durgadevi

ന്യൂഡൽഹി: നവരാത്രി കാലത്ത് കൊൽകത്ത നഗരത്തെ അലങ്കരിക്കുക ദുർഗാദേവിയുടെ പന്തലുകളാണ്. ദേവിയുടെ വിവിധ അവതാരങ്ങൾ, ഭാവങ്ങൾ എന്നിവ ശില്പങ്ങളിൽ ആവിഷ്‌കരിച്ച് പന്തലുകളിൽ പ്രതിഷ്ഠിക്കും. നവരാത്രി കാലത്തെ ഒമ്പതുദിനങ്ങളിലും പന്തലുകളിൽ ആരാധനയും ആഘോഷവും ഒക്കെ നടക്കും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂജാ ആഘോഷങ്ങൾക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും എല്ലായിടവും ദേവിയുടെ ശില്പങ്ങൾ ഒരുങ്ങുന്നുണ്ട്. അതിൽ കൊൽക്കത്തയിലെ ബാരിഷ് ക്രബിലൊരുക്കിയ വ്യത്യസ്ഥമായ ഒരു ശില്പമാണ് രാജ്യ ശ്രദ്ധ കവരുന്നത്. ഒരു അതിഥിതൊഴിലാളിയായി അവതരിച്ച ദുർഗാദേവിയാണ് അതിൽ.

ഒക്കത്ത് കുഞ്ഞുമായി നിൽക്കുന്ന ദുർഗ. ആഭരണങ്ങളില്ല. പത്ത് കൈകളിൽ ശൂലം, ചക്രം, ഗദ, സർപ്പം, ശംഖ്, പരിച, അമ്പ്, വില്ല്, ചുരിക, ഖഡ്ഗം, താമര എന്നീ ആയുധങ്ങൾക്ക് പകരം ധാന്യങ്ങൾ നിറഞ്ഞ ചെറുപൊതികൾ. അത് കൊണ്ട് അവൾക്ക് നിഗ്രഹിക്കേണ്ടത് വിശപ്പെന്ന അസുരനെ. ലോക്ക് ഡൗൺ കാലത്ത് ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച കാഴ്ചകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അതിഥി തൊഴിലാളികളുടെ പലായനം. അതിന്റെ നേർക്കാഴ്ചയായാണ് ഇത്തവണ ദുർഗയ്ക്ക് ഇങ്ങനെ ഒരവതാരമെന്ന് ശിൽപ്പി പല്ലബ് ഭാവുമിക് പറയുന്നു.

ലോക്ക് ഡൗൺകാലത്ത് വിശന്ന് വലഞ്ഞ കുഞ്ഞുങ്ങളുമായി കടുത്ത വെയിലിൽ ദേശീയ പാതയിലൂടെ നാട്ടിലേക്ക് പലായനം ചെയ്യുന്ന സ്ത്രീയുടെ ചിത്രം പ്രശസ്തനായ ബംഗാളി ചിത്രകാരനായ ബികാശ് ഭട്ടാചാര്യ വരച്ചിരുന്നു. ആ ചിത്രത്തിൽ നിന്ന് ആശയം ഉൾക്കൊണ്ടാണ് അതിഥിത്തൊഴിലാളിയായ ദുർഗയെ ഒരുക്കിയതെന്ന് ശിൽപ്പി പല്ലബ് ഭാവുമിക് പറയുന്നു. പല്ലബ് ഭാവുമിക്കിന്റെ നേതൃത്വത്തിൽ അഞ്ച് ശിൽപ്പികൾ രണ്ട് മാസം കൊണ്ടാണ് ശിൽപ്പം തയാറാക്കിയത്‌