
ന്യൂഡൽഹി: രാജ്യത്ത് സെപ്തംബറിൽ കൊവിഡ് അതിന്റെ പാരമ്യത്തിലെത്തിയെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി. 30 ശതമാനം ജനങ്ങളെ കൊവിഡ് ബാധിച്ചു. പ്രോട്ടോക്കോൾ പാലിച്ച് മുൻകരുതലോടെ മുന്നോട്ടുപോയാൽ 2020 ഫെബ്രുവരിയോടെ കൊവിഡ് നിയന്ത്രണവിധേയമാകും. അതേസമയം, വരാനിരിക്കുന്ന ഉത്സവ സീസണിലെ അലംഭാവവും ശൈത്യകാലവും കൊവിഡ് കേസുകളിൽ കുതിപ്പുണ്ടാക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
ഒരുമാസത്തിൽ 26 ലക്ഷം രോഗികൾ വരെയുണ്ടായേക്കാം. കൂടുതൽ ഇളവുകൾ നൽകുന്നത് തിരിച്ചടിയാകും. ഇന്ത്യയിൽ ആകെ രോഗികൾ ഒരു കോടി അഞ്ചുലക്ഷം വരെയാകാം. പ്രതിരോധ നടപടികൾ ശക്തമായി തുടരണമെന്നും ഐ.ഐ.ടി ഹൈദരാബാദ് പ്രൊഫസർ എം. വിദ്യാസാഗർ അദ്ധ്യക്ഷനായ പത്തംഗ സമിതി വ്യക്തമാക്കി.
ലോക്ക്ഡൗണില്ലായിരുന്നെങ്കിൽ ആഗസ്റ്റിനുള്ളിൽ 25 ലക്ഷം കൊവിഡ് മരണം സംഭവിച്ചേനെ. നിലവിലത് 1.14 ലക്ഷമായി കുറഞ്ഞു. വീണ്ടുമൊരു സമ്പൂർണ ലോക്ക്ഡൗൺ സാധ്യമല്ലെന്നും സമിതി വ്യക്തമാക്കി. ജൂണിലാണ് കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് സമിതിയെ നിയോഗിച്ചത്.
രണ്ടാം തരംഗം തള്ളിക്കളയാനാകില്ല
കൊവിഡ് കേസുകളും മരണവും കഴിഞ്ഞ മൂന്നാഴ്ചയായി കുറയുകയാണെങ്കിലും ശൈത്യകാലം വരുന്നതിനാൽ രണ്ടാം തരംഗ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് നീതി ആയോഗ് അംഗവും വാക്സിൻ വികസനവുമായി ബന്ധപ്പെട്ട വിദഗ്ദ്ധ സമിതി അദ്ധ്യക്ഷനുമായ വി.കെ. പോൾ പറഞ്ഞു.
'ഇന്ത്യ ഇപ്പോൾ മികച്ച നിലയിലാണ്. എന്നാൽ 90 ശതമാനം ജനങ്ങൾക്കും കൊവിഡ് ഭീഷണി നിലനിൽക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നുണ്ട്. പക്ഷേ, കേരളം, കർണാടക, രാജസ്ഥാൻ, ചത്തീസ്ഗഡ്, പശ്ചിമംബംഗാൾ സംസ്ഥാനങ്ങളിലും നാലോളം കേന്ദ്രഭരണപ്രദേശങ്ങളിലും കേസുകൾ വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിൽ രണ്ടാം വ്യാപനം തുടങ്ങിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചിലയിടത്ത് സാമൂഹ്യവ്യാപനം: കേന്ദ്രമന്ത്രി
ചില ജില്ലകളിൽ സാമൂഹിക വ്യാപനം നടന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. രാജ്യവ്യാപകമായി സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്നും തന്റെ സൺഡേ സംവാദ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ തിരുവനന്തപുരത്ത് പൂന്തുറയിലും പുല്ലുവിളയിലും സാമൂഹ്യവ്യാപനം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ചില ഭാഗങ്ങളിൽ സാമൂഹ്യവ്യാപനം തുടങ്ങിയതായി പശ്ചിമബംഗാൾ മുഖ്യമന്ത്രിയും അടുത്തിടെ സമ്മതിച്ചിരുന്നു.