
ന്യൂഡൽഹി: ഹാഥ്‌രസിൽ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് വാത്മീകി വിഭാഗത്തിൽപ്പെട്ട 236 പേർ ബുദ്ധമതം സ്വീകരിച്ചു. ഉത്തർപ്രദേശിലെ ഖാസിയാബാദ് ജില്ലയിലെ കർഹേര ഗ്രാമത്തിലെ വാത്മീകി സമുദായംഗങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചത്.
ഭരണഘടനാ ശില്പി ഡോ.ബി.ആർ അംബേദ്കറിന്റെ ബന്ധുവായ രാജ് രത്‌ന അംബേദ്കറിന്റേയും ബുദ്ധസന്ന്യാസികളുടേയും ബുദ്ധിസ്റ്റ് സൊസൈറ്റി അധികൃതരുടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
എത്ര പഠിച്ചാലും എന്ത് തൊഴിൽ ചെയ്താലും എല്ലാവരും തങ്ങളെ താഴെ തട്ടിലുള്ളവരായാണ് പരിഗണിക്കുന്നതെന്ന് ബുദ്ധിസ്റ്റ് സൊസൈറ്റി പ്രവർത്തകർ പറഞ്ഞു. ഹാഥ്‌രസ് ബലാത്സംഗക്കേസിന്റെ കാര്യമായാലും, ദളിതർക്കെതിരെയുള്ള മറ്റ് കേസുകളിലായാലും പലയിടങ്ങളിലും വിവേചനം നേരിടേണ്ടി വരുന്നതായും അവർ പറഞ്ഞു.