
ന്യൂഡൽഹി: കേരളത്തിലെ കൊവിഡ് കേസ് വർദ്ധന ഓണക്കാലത്തെ ഗുരുതര അലംഭാവത്തിന്റെ ഫലമെന്ന് കേന്ദ്രം. ഉത്സവകാലത്ത് വേണ്ടത്ര ശ്രദ്ധ പുലർത്താൻ സംസ്ഥാന ഭരണകൂടങ്ങൾക്ക് ഇതൊരു പാഠമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ തന്റെ സൺഡെ സംവാദ് പരിപാടിയിൽ പറഞ്ഞു. ജനുവരി 30നും മേയ് 3 നും ഇടയിൽ 499 കേസുകളും രണ്ട് മരണവും മാത്രമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
ഓണത്തിന് മുൻപ് സംസ്ഥാനത്ത് 54000 കേസുകളും 200ഓളം മരണവുമായിരുന്നു.
ശനിയാഴ്ച കേരളത്തിൽ രോഗ ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു. മരണം 1139 ആയി ഉയർന്നു.
സംസ്ഥാനത്തര വിവിധ സേവനങ്ങൾ പുനരാരംഭിച്ചതിനൊപ്പം വന്ന ഓണാഘോഷ പരിപാടികൾ, വ്യാപാര വിനോദസഞ്ചാര യാത്രകളിലെ വർദ്ധന തുടങ്ങിയവ കേരളത്തിൽ സ്ഥിതി ഗുരുതരമാക്കി. പ്രതിദിന കേസുകൾ ഇരട്ടിയായി. സംസ്ഥാനത്ത് കൊവിഡ് രോഗികൾ വർദ്ധിച്ചു. ഓണക്കാലത്തെ ഗുരുതര അലംഭാവത്തിന്റെ വിലയാണ് കേരളം ഇപ്പോൾ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.