amit-sha

ന്യൂഡൽഹി: രാജ്യത്തിന്റെ ഓരോ തരി മണ്ണും കാത്തു സൂക്ഷിക്കാൻ മോദി സർക്കാർ പൂർണ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആർക്കും അത് കൈക്കലാക്കാൻ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഡാക്കിൽ ചൈനയുമായി തുടരുന്ന സംഘർഷം പരിഹരിക്കാൻ സർക്കാർ സാധ്യമായ എല്ലാ സൈനിക, നയതന്ത്ര നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള ഉരസൽ നിരന്തരം തുടരുന്നതിനിടയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇത്തരമൊരു പരാമർശം നടത്തിയത്. ചൈനീസ് സൈനികരോട് യുദ്ധത്തിന് തയാറാകാൻ പ്രസിഡന്റ് ഷീജിംഗ് പിംഗ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഷായുടെ പരാമർശം.

ഇന്ത്യൻ സൈന്യം ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ തയാറാണെന്നും അമിത് ഷാ പറഞ്ഞു.

'എല്ലാ രാജ്യങ്ങളും യുദ്ധത്തിന് തയാറാണ്. സൈന്യത്തെ പരിപാലിക്കുന്നതിന്റെ ഉദ്ദേശ്യം ഏത് തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കുക എന്നതാണ്. ഏതെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമർശിച്ചല്ല ഞാൻ ഇത് പറയുന്നത്. പക്ഷേ ഇന്ത്യയുടെ പ്രതിരോധ സേന എല്ലായ്‌പ്പോഴും തയ്യാറാണ്."

ബംഗാളിൽ ക്രമസമാധാനനില തകർന്നിരിക്കുകയാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് തീരുമാനമെടുക്കേണ്ടി വന്നേക്കും. ഗവർണറുടെ റിപ്പോർട്ടിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക' അദ്ദേഹം പറഞ്ഞു.

അതേസമയം ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെ അമിത് ഷാ ന്യായീകരിച്ചു. ഹാഥ്‌രസ് സംഭവം വഷളാകാൻ കാരണം പൊലീസിന്റെ വീഴ്ചയാണെന്നും യോഗി സർക്കാരിന്റെ തെറ്റല്ലെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം.