train

ന്യൂഡൽഹി: രാജ്യത്ത് 600 മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ നിറുത്തലാക്കി റെയിൽവേ സമയവിവര പട്ടിക അടിമുടി മാറ്റുന്നു. രാത്രി സ്റ്റോപ്പുകൾ ഉൾപ്പെടെ രാജ്യത്തെ 10,200 സ്റ്റോപ്പുകളും നിർത്തലാക്കും.ഡിസംബർ ആദ്യത്തോടെ പദ്ധതിയുടെ പൂർണ രൂപം പ്രഖ്യാപിച്ചേക്കും.ഇതനുസരിച്ച് 360 പാസഞ്ചർ ട്രെയിനുകൾ മെയിൽ, എക്സ്പ്രസ് ട്രെയിനുകളായി ഉയർത്തും. 120 മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ സൂപ്പർഫാസ്റ്റ് ട്രെയിനുകളുടെ നിലവാരത്തിലേക്ക് മാറും.കോവിഡ് പ്രതിസന്ധി പൂർണമായി ഒഴിഞ്ഞ് സാധാരണ നിലയിൽ സർവിസ് പുനരാരംഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് പറഞ്ഞു. പുതിയ സംവിധാനം നടപ്പാകുന്നതോടെ സാധാരണക്കാരും വിദ്യാർഥികളും ഏറെ ആശ്രയിച്ചിരുന്ന പാസഞ്ചർ ട്രെയിനുകളുടെ എണ്ണം കുത്തനെ കുറയും.എന്നാൽ, പുതിയ മാറ്റം ട്രെയിൻ ഗതാഗതത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും സമയബന്ധിതമാക്കുമെന്നുമാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. 72 സീറ്റുള്ള സ്ലീപ്പർ കോച്ചുകൾ 83 സീറ്റുള്ള എ.സി കോച്ചുകളാക്കിയാണ് പുനഃക്രമീകരിക്കുന്നത്. റെയിൽവേയുടെ കപൂർത്തല ഫാക്ടറിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ലീപ്പർ കോച്ചുകൾ എ.സി കോച്ചാക്കി രൂപമാറ്റം വരുത്തുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകളുടെ സ്പീഡ് വർധിപ്പിക്കുന്നതിൻ്രെ ഭാഗമായിട്ടാണ് സ്ലീപ്പർ കോച്ചുകൾ ഇല്ലാതാക്കുന്നത്.