
ഇന്ത്യയുടെ ഓസ്കാർ പ്രതിഭ ഭാനു അത്തയ്യ യാത്രയാകുമ്പോൾ മായുന്നത് വസ്ത്രാലങ്കാര മേഖലയിലെ ഒരുകാലഘട്ടം കൂടിയാണ്
'' ഇതൊരു യാഥാർത്ഥ്യമാണെന്ന് ചിന്തിക്കുമ്പോൾ അതീവ സന്തോഷം. ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് തിരിയാൻ കാരണമൊരുക്കിയ സർ റിച്ചാർഡ് അറ്റൻബറോയ്ക്ക് നന്ദി ""അമേരിക്കയിലെ ലോസ് ഏഞ്ചൽസ് കൗണ്ടി മ്യൂസിക് സെന്ററിലെ ഡോറോത്തി കാന്റലർ പവലിയനിൽ 1983ലെ ഓസ്കാർ വേദിയിൽ ആദ്യമായി മുഴങ്ങിയ ഇന്ത്യൻ ദേശീയഗാനത്തിന്റെ ബാക്ഗ്രൗണ്ട് സ്കോറിൽ ഉയർന്നുകേട്ട വാക്കുകളാണിത്. വസ്ത്രാലങ്കാരിക മഹാരാഷ്ട്രക്കാരി ഭാനു അത്തയ്യയിലൂടെ ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് തിരിഞ്ഞ സുവർണനിമിഷം.
അങ്ങനെ ഭാനുവിന്റെ കൈ പിടിച്ച് ആദ്യമായി ഓസ്കാർ സ്വർണ്ണപ്രതിമ ഇന്ത്യയിലേക്ക് എത്തി. ലൂയിസ് ഫിഷറിന്റെ 'ദി ലൈഫ് ഒഫ് മഹാത്മാഗാന്ധി" എന്ന പുസ്തകത്തെ ആധാരമാക്കി ബ്രിട്ടീഷ് സംവിധായകൻ റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത 'ഗാന്ധി"ചിത്രമായിരുന്നു ചരിത്രത്തിലേക്ക് വഴി തെളിച്ചത്. തന്റെ ജീവിതത്തിന്റെ നല്ലൊരു പാതിയും ഇന്ത്യൻ സിനിമയെ ഒരുക്കാൻ മാറ്റിവച്ച ഭാനു അത്തയ്യ തൊണ്ണൂറ്റിയൊന്നാം വയസിൽ വിടപറയുമ്പോൾ, ആ വിടപറച്ചിൽ വലിയൊരു ശൂന്യതയ്ക്ക് കൂടി കളമൊരുക്കുകയാണ് ഇന്ത്യൻ സിനിമയിൽ.
ചിത്രകാരിയായിരുന്ന ഭാനു
ചിത്രകാരനും ഫോട്ടോഗ്രാഫറുമായ അന്നാസാഹിബ് രാജോപാദ്ധ്യയുടെയും ശാന്താഭായിയുടെയും ഏഴ് മക്കളിൽ ഒരുവളായി 1929 ഏപ്രിൽ 28 ന് മഹാരാഷ്ട്രയിലെ കോലാപ്പൂരിലായിരുന്നു ഭാനുമതി രാജോപാദ്ധ്യയുടെ ജനനം. വിഖ്യാത ചലച്ചിത്രകാരൻ ബാബുറാവു പെയ്ന്ററുടെ അടുത്തയാളായിരുന്നു രാജോപാദ്ധ്യ. അച്ഛനായിരുന്നു ഭാനുമതിയ്ക്ക് കാവൽവിളക്കും ചിത്രകലയിലെ ആദ്യ ഗുരുവും. അച്ഛന്റെ ആഗ്രഹപ്രകാരം ബാബുറാവു പെയ്ന്ററുടെ സംവിധാനത്തിൽ 1940ൽ ഇറങ്ങിയ 'മോഹിനി " എന്ന ചിത്രത്തിൽ ബാലതാരമായും ഭാനു അഭിനയിച്ചു. നിനച്ചിരിക്കാത്ത നേരത്തെത്തിയ മരണം അച്ഛൻ രാജോപാദ്ധ്യയെയും കവർന്നു മടങ്ങുമ്പോൾ ഭാനുവിന് പത്തു വയസ് പ്രായം. അച്ഛൻ ആഗ്രഹിച്ച വിധം മകളുടെ ജീവിതം വർണാഭമാക്കാൻ അമ്മ ശാന്താഭായി ആഗ്രഹിച്ചു. സ്ത്രീകളെ മാറ്റി നിറുത്തിയിരുന്ന കാലത്ത് അമ്മ തന്ന കരുത്ത് ആയുധമാക്കി സ്വപ്നങ്ങളുടെ ചിറകിലേറി ഭാനു മുംബയിലെത്തി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമായിരുന്നു അത്. മുംബയിലെ ജെ. ജെ. സ്കൂൾ ഒഫ് ആർട്സിൽ ചേർന്നു. മികച്ച ബഹുമതികളോടെ ഫൈൻ ആർട്സിൽ ബിരുദം നേടിയ അവർ സ്വർണമെഡലും ഫെലോഷിപ്പും നേടി. 'ഈവ്സ് വീക്ക്ലി" ഉൾപ്പെടെ മുംബയിലെ വിവിധ വനിതാ മാസികകൾക്കായി ഒരു ഫ്രീലാൻസ് ഫാഷൻ ഇല്ലസ്ട്രേറ്ററായി അത്തയ്യ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് മാഗസിൻ എഡിറ്റർ ഒരു വസ്ത്രവ്യാപാര കേന്ദ്രം (ബൊട്ടീക്) തുറന്നപ്പോൾ, വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യാനാകുമോയെന്ന് ഭാനു അത്തയ്യയോട് ചോദിച്ചു. അവൾ ഒരു പരീക്ഷണത്തിനൊരുങ്ങി. അവിടെ വച്ചാണ് വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലുള്ള തന്റെ അതിശയകരമായ കഴിവ് അവൾ കണ്ടെത്തിയത്. ഒരു ഡിസൈനർ എന്ന നിലയിലുള്ള വിജയം പെട്ടെന്നുതന്നെ അവളെ ആ മേഖലയിലേക്ക് കടക്കാൻ പ്രേരിപ്പിച്ചു. ഭാനു ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെയാണ് സിനിമാക്കാരുടെ കണ്ണ് അവളിൽ എത്തുന്നത്. ഗുരു ദത്താണ് ആദ്യമായി ഭാനുവിനെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അതൊരു തുടക്കമായിരുന്നു.

ഭാനുവിന്റെ വസ്ത്രത്തിലുടക്കി ബോളിവുഡ്
1960കളുടെ തുടക്കത്തിലാണ് ഭാനു അത്തയ്യയുടെ സിനിമാ പ്രവേശനം. നടിമാരുടെ മേനിയഴക് ആസ്വദിക്കാൻ നല്ലൊരു സമൂഹം തിയറ്റുകളിൽ സീറ്റ് പിടിച്ചിരുന്ന കാലം. നടിമാരെ എത്രത്തോളം ഗ്ലാമറസായി അഭ്രപാളികളിലെത്തിക്കാമോ അത്രയും സിനിമ വിജയിച്ചുവെന്ന് കരുതിയിരുന്ന ഒരു പിടി സിനിമാക്കാരുടെ ഇടയിലേക്കാണ് വസ്ത്രാലങ്കാരികയായി ഭാനു അത്തയ്യ കടന്നെത്തുന്നത്. 'ഡയറക്ടറും സെറ്റ് ഡിസൈനറും കൂടി വസ്ത്രങ്ങൾ തീരുമാനിക്കും. അത് നടീ നടന്മാരുടെ പാകത്തിന് തയ്യൽക്കാരെ കൊണ്ട് തയ്പ്പിക്കുകയോ കടകളിൽ നിന്ന് വാങ്ങിക്കുകയോ ചെയ്യുകയായിരുന്നു താൻ കണ്ട ആദ്യ സിനിമാ സെറ്റുകളിലെ കാഴ്ച"- ഒരിക്കൽ ഭാനു പറഞ്ഞിട്ടുണ്ട്. എന്നാൽ ഭാനുവിന്റെ വരവോടെ ബോളിവുഡ് കെട്ടിലും മട്ടിലും നടപ്പിലും മാറി. 1950 മുതൽ 2000 വരെ ബോളിവുഡിലെ മികച്ച സിനിമകൾ എന്തുടുത്ത് അഭ്രപാളിയിലെത്തണമെന്ന് ഭാനു തീരുമാനിക്കുന്നിടത്തേക്ക് കാലം സഞ്ചരിച്ചു. ബിഗ് സ്ക്രീനിൽ നിറയുന്ന ഭാനുവിന്റെ ഡിസൈനുകൾ അതേ പടി പകർത്താൻ അക്കാലത്തെ സ്ത്രീകൾ ചില്ലറയൊന്നുമല്ല തയ്യൽക്കാരന്മാർക്ക് തലവേദനയുണ്ടാക്കിയത്. നൂറോളം സിനിമകൾക്ക് ഭാനു വസ്ത്രങ്ങൾ നെയ്തു. ലഗാൻ അടക്കം ബോക്സ് ഓഫീസ് ഹിറ്റുകൾ. കൊമേഷ്യൽ കം ആർട്ട് സിനിമകളായിരുന്നു ഭാനുവിന് ഇഷ്ടം.
തുടക്കം അപ്രതീക്ഷിതമായി
1972ൽ കോൺറാഡ് റൂക്സ് സംവിധാനം ചെയ്ത സിദ്ധാർത്ഥ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ വസ്ത്രാലങ്കാരികയായിരുന്നു ഭാനു. ചിത്രത്തിലെ നായികയായ സിമി ഗരേവാളും ഭാനുവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഗാന്ധിയെന്ന ചിത്രത്തിനായി അറ്റൻബറോ വേഷം അന്വേഷിച്ചപ്പോൾ ആദ്യം കേട്ട പേരും ഭാനുവിന്റെതായിരുന്നു. മുംബയ് ആസ്ഥാനമായുള്ള ഗാന്ധി കാസ്റ്റിംഗ് ഡയറക്ടർ ഡോളി താക്കൂർ, ഭാനു അത്തയ്യയുമായി ബന്ധപ്പെടാൻ സിമിയോട് ആവശ്യപ്പെട്ടു. അക്കാലത്ത് ഭാനുവിന് സ്വന്തമായി ഒരു ടെലിഫോൺ പോലുമില്ല. സിമി ഭാനുവിനെ തേടി വർക്ക് ഷോപ്പിൽ എത്തി. കാര്യം ധരിപ്പിച്ചു. 'എനിക്ക് ഇത്രയും വലിയ സിനിമ ചെയ്യാൻ കഴിയുമോ?" എന്നായിരുന്നു ഭാനുവിന്റെ ആദ്യ പ്രതികരണം. സിമി അവരുടെ ഇരുതോളുകളിലും പിടിച്ചുകൊണ്ടുപറഞ്ഞു: 'നിങ്ങളുടെ കഴിവുകൾ കാണിക്കാനുള്ള മികച്ച അവസരവുമാണ്. വിട്ടുകളയരുതെന്നുള്ള സിനിമയുടെ ഊർജം പകരലിൽ ഭാനു സിനിമയ്ക്കായി ഒരുങ്ങി. സെപ്തംബർ ആദ്യം മുതൽ ഡൽഹിയിലെ അശോക ഹോട്ടലിൽ തമ്പടിച്ചിരിക്കുന്ന ടീമിൽ ചേരാൻ റിച്ചാർഡ് ഭാനുവിനോട് പറഞ്ഞു. 1980 ചിത്രത്തിന്റെ പണികൾ ആരംഭിച്ചു. അന്നു മുതൽ, ഓരോ വസ്ത്രവും എങ്ങനെയിരിക്കണം, അതിന് ആവശ്യമായത് ചെയ്യുന്നതിനുള്ള പൂർണ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഭാനുവിന്റേതായി. ജോർജ് ലൂക്കാസിന്റെ കൾട്ട് ക്ലാസിക് സ്റ്റാർ വാർസിന്റെ ഓസ്കാർ ജേതാവായ കോസ്റ്റ്യൂം ഡിസൈനർ ജോൺ മൊള്ളോയുമായി കോസ്റ്റ്യൂം വിഭാഗം പങ്കിടുന്ന ഒരേയൊരു ഇന്ത്യൻ മേധാവി ഭാനു അത്തയ്യയായിരുന്നു. എല്ലാ ഇന്ത്യൻ വസ്ത്രങ്ങളും അവർ കൈകാര്യം ചെയ്യുമ്പോൾ മൊള്ളോ ബ്രിട്ടീഷ് വസ്ത്രങ്ങൾ കൈകാര്യം ചെയ്തു.1982 നവംബർ 30ന് ഗാന്ധി ബിഗ് സ്ക്രീനിലെത്തി. 1983ൽ എട്ട് ഓസ്കർ പുരസ്കാരങ്ങളാണ് 'ഗാന്ധി"സിനിമ നേടിയത്. മികച്ച സംവിധായകനുള്ള പുരസ്കാരം ആറ്റൻബറോയും മികച്ച നടനുള്ള പുരസ്കാരം ബെൻ കിങ്സ്ലിയ്ക്കും ലഭിച്ചു. അതിനുപുറമേ മികച്ച ചിത്രം, തിരക്കഥ, എഡിറ്റിംഗ്, കലാസംവിധാനം, ഛായാഗ്രഹണം, വസ്ത്രാലങ്കാരം എന്നീ പുരസ്കാരങ്ങളും ലഭിച്ചു. ഭാനു അത്തയ്യയുടെ ആർട്ട് ഒഫ് കോസ്റ്റ്യൂം ഡിസൈൻ എന്ന ശ്രദ്ധേയമായ ഒരു പുസ്തകം 2010 മാർച്ചിൽ ഹാർപ്പർ കോളിൻസ് പുറത്തിറക്കി. റിച്ചാർഡ് ആറ്റൻബറോയാണ് ആ പുസ്തകത്തിന് ആമുഖമെഴുതിയത്.
ട്യൂമറിന്റെ രൂപത്തിലെത്തിയ മരണം
2012ൽ ബ്രെയിൻ ട്യൂമർ രോഗം ബാധിച്ചെങ്കിലും 2015ൽ സ്ട്രോക്ക് വന്ന് പൂർണ്ണമായും ശയ്യാവലംബിയാകും വരെ ഭാനു വസ്ത്രങ്ങളുടെ ലോകത്ത് തന്നെയായിരുന്നു ഏറെനേരവും. 2015ൽ നാഗരിക് എന്ന ചിത്രത്തിനാണ് അവസാനമായി ഭാനു വസ്ത്രാലങ്കാരം നടത്തിയത്. സത്യേന്ദ്ര അത്തയ്യയാണ് ഭർത്താവ്. രാധിക ഗുപ്ത മകളും.