
സംഭവം മദ്ധ്യപ്രദേശിൽ അന്വേഷണത്തിന് ഉത്തരവ്
ന്യൂഡൽഹി : കൊലപാതകക്കേസ് ആരോപിച്ച് അറസ്റ്റ് ചെയ്ത 20കാരിയെ അഞ്ച് പൊലീസുകാർ ലോക്കപ്പിലിട്ട് പത്തു ദിവസം കൂട്ടമാനഭംഗം ചെയ്തതായി പരാതി. മദ്ധ്യപ്രദേശിലെ രെവാ ജില്ലയിലാണ് സംഭവം. സ്റ്റേഷൻ ഇൻ ചാർജ് അടക്കമുള്ളവർക്കെതിരെയാണ് പരാതി.
അറസ്റ്റിലായ യുവതിയെ ക്രൂര പീഡനങ്ങൾക്ക് ശേഷം മങ്കവാനിലെ കറക്ഷൻ ഹോമിലേക്ക് മാറ്റി. ഇക്കഴിഞ്ഞ 10 ന് അഡീഷണൽ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിൽ സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. തുടർന്ന് ജഡ്ജി ജുഡീഷ്യൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.
സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ: രെവയിൽ നടന്ന ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് തന്നെയും ആൺസുഹൃത്തിനെയും കഴിഞ്ഞ മേയ് 9ന് പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ആദ്യ ദിവസം രാത്രി ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് ലോക്കപ്പിലെത്തിയ ഒരു കോൺസ്റ്റബിൾ തന്നെ ക്രൂരപീഡനത്തിന് ഇരയാക്കി. ശേഷം അന്ന് സ്റ്റേഷൻ ഇൻ ചാർജ്ജുൾപ്പെടെ ഡ്യൂട്ടിയിലുണ്ടായിരുന്നു നാല് പൊലീസുകാരും പീഡിപ്പിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ കോടതിയിൽ ഹാജരാക്കാനോ പൊലീസുകാർ തയ്യാറായില്ല. പത്ത് ദിവസം സ്റ്റേഷനിലെ പൊലീസുകാർ മാറിമാറി പീഡിപ്പിച്ചു. ഒരു വനിതാ കോൺസ്റ്റബിൾ പീഡനത്തിനെതിരെ രംഗത്തെത്തിയെങ്കിലും അവരെ സംഘം താക്കീത് ചെയ്തു. ഒട്ടേറെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് 21ന് അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് തയാറായത്. തുടർന്ന് മങ്കവാനിലെ കറക്ഷൻ ഹോമിലേക്ക് മാറ്റി. ജയിൽ വാർഡനോട് പീഡനവിവരം പറഞ്ഞെങ്കിലും 'നിന്റെ തോന്നലായിരുന്നു' കിട്ടിയ മറുപടി.
യുവതിയുടെ ആരോപണം പൊലീസ് നിഷേധിച്ചു. മെയ് 21നാണ് അറസ്റ്റ് ചെയ്തതെന്നും അന്നു തന്നെ ജയിലിലേക്ക് മാറ്റിയെന്നും പൊലീസ് വാദിക്കുന്നു. പക്ഷേ സംഭവ ദിവസങ്ങളിൽ യുവതിയുടെ ഫോണിന്റെ ടവർ ലോക്കേഷൻ സ്റ്റേഷനെ കേന്ദ്രീകരിച്ചാണെന്നത് പൊലീസുകാരെ കുടുക്കുന്നു.