
ന്യൂഡൽഹി: കൊവിഡിനെ പിടിച്ചുകെട്ടിയെന്ന് പ്രചാരണവേല നടത്തി മതിയായ പരിശോധന നടത്താതിരുന്നതാണ് കേരളത്തിൽ രോഗവ്യാപനം വർദ്ധിക്കാൻ കാരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ആരോപിച്ചു. കൊവിഡിനെതിരെ മാരത്തോൺ ഓടുന്നതിന് പകരം ചെറിയ ദൂരത്തിൽ സ്‌പ്രിന്റ് ഓടിയ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു.
കൊവിഡ് പ്രതിരോധത്തിലെ കേരളത്തിന്റെ പരാജയം മറ്റു സംസ്ഥാനങ്ങൾക്ക് പാഠമാവണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന ഗൗരവമേറിയതാണ്. ഐ.സി.എം.ആർ മാർഗനിർദ്ദേശ പ്രകാരമുള്ള പരിശോധന നടത്താതിരുന്നതാണ് സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാക്കിയത്. കൂടുതൽ പരിശോധന നടത്തണമെന്ന യു.എൻ നിർദ്ദേശം നടപ്പാക്കാതിരുന്നതാണ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണം. ഏപ്രിൽ മുതൽ സാമൂഹ്യ വ്യാപനമുണ്ടായത് മറച്ചുവച്ചതും സ്ഥിതി വഷളാക്കി.
15 ശതമാനത്തിൽ കൂടുതൽ പോസിറ്റിവിറ്റിയുണ്ടായിട്ടും പരിശോധന കുറയ്‌ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വകാര്യ മേഖലയെ കൊണ്ടുവരാൻ വൈകിയതിനാൽ സർക്കാർ ആശുപത്രി ജീവനക്കാർ ജോലിയെടുത്ത് തളർന്നു.
കൊവിഡിനെ പ്രതിരോധിക്കുന്നതിന് പകരം സ്വന്തം കസേര നിലനിറുത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി. സ്വർണക്കടത്ത് കേന്ദ്രമന്ത്രി കേരളത്തെ അപമാനിക്കുന്നുവെന്നാണ് സി.പി.എം പ്രചാരണം. സമരംമൂലം രോഗം കൂടിയെന്ന ആരോപണം ശരിയല്ല. അങ്ങനെയെങ്കിൽ മന്ത്രിമാർക്ക് രോഗം പിടിപെട്ടതെങ്ങനെയാണ്. സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയതിൽ തെറ്റില്ല. ബി.ജെ.പിയുടെ അഭിപ്രായമാണ് പറഞ്ഞത്. സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിൽ ഇടപെടാറില്ലെന്നും അന്വേഷണ ഏജൻസികൾ അവരുടെ ജോലി നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.