
ന്യൂഡൽഹി: ഹാഥ്‌രസിൽ ദളിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ തന്റേതല്ലാത്ത കാരണത്താൽ ദുരിതം നേരിടുകയാണ് ഒരു കർഷകൻ. സംഭവം നടന്നത് തന്റെ ചോളപ്പാടത്താണ് എന്ന കാരണത്താൽ സ്വന്തം സ്ഥലത്ത് പ്രവേശിക്കാൻ പോലും ഈ കർഷകന് കഴിയുന്നില്ല.
തെളിവ് നശിക്കാതിരിക്കാൻ കൃഷിയിടത്തിൽ ഒന്നും ചെയ്യരുതെന്നാണ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ കർഷകനോട് നിർദ്ദേശിച്ചിരിക്കുന്നത്. ബൂൾഗാരി ഗ്രാമത്തിലെ 24 കാരനായ കർഷകന്റേതാണ് പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവസ്ഥലം. ജയ്‌പൂർ സ്വദേശിയായ ഇയാൾ പാട്ടത്തിനെടുത്താണ് സ്ഥലത്ത് കൃഷിയിറക്കിയിരിക്കുന്നത്. തന്റെ പാടത്ത് വച്ച് പെൺകുട്ടി പീഡനത്തിരയായെന്ന് അറിഞ്ഞ് ഗ്രാമത്തിലെത്തി. കൃഷിയിടത്തിൽ വിള ഉണങ്ങി നശിക്കുന്നതാണ് കണ്ടത്. ജലസേചനത്തിന് പോലും സി.ബി.ഐ അനുവദിക്കാത്തതാണ് കാരണം.
കുറ്റകൃത്യം നടന്ന സ്ഥലം എന്ന നിലയിൽ കൃഷിയിടത്തിൽ വലയം തീർത്തിരിക്കുകയാണ് സി.ബി.ഐ. തെളിവ് എന്ന നിലയിൽ സ്ഥലത്ത് നിന്ന് വിട്ടുനിൽക്കണം. ജലസേചനം, വിളവെടുപ്പ് തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടത്തരുത്. കേസിൽ തെളിവിന്റെ ഭാഗമായി സ്ഥലം സംരക്ഷിക്കേണ്ടതുണ്ടെന്നാണ് സി.ബി.ഐ പറഞ്ഞതെന്നും കർഷകൻ പറയുന്നു.
കേസുമായി യാതൊരുവിധ ബന്ധവുമില്ലാത്ത താനിപ്പോൾ കേസന്വേഷണത്തെ തുടർന്ന് ദുരിതത്തിലായെന്ന് കർഷകൻ പറയുന്നു. 50,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൂടാതെ മാസങ്ങൾ നീണ്ട അധ്വാനവും നഷ്ടമായി. ചോള കൃഷിയിൽ ഉണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം സർക്കാരിൽ നിന്ന് വേണമെന്ന് കർഷകൻ ആവശ്യപ്പെട്ടു.