
ന്യൂഡൽഹി: വടക്കൻ ലഡാക്കിലെ ഡെംചുക്കിൽ അതിർത്തി കടന്ന ചൈനീസ് സൈനികൻ ഇന്ത്യൻ പട്രോളിംഗ് സംഘത്തിന്റെ പിടിയിലായി. പിടിയിലായ കോർപറൽ വാംഗ് യാ ലോംഗിനെ രാജ്യാന്തര നടപടിക്രമങ്ങൾ പ്രകാരം, കമാൻഡർതല ചർച്ചകൾ നടക്കുന്ന ചുഷൂൽ മേഖലയിലെ മോൾഡോ അതിർത്തിയിൽ വച്ച് കൈമാറുമെന്ന് കരസേന അറിയിച്ചു.
സൈനികനെ കാണാതായ വിവരം ചൈന ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിരുന്നു. വഴിതെറ്റി അബദ്ധത്തിൽ നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ചെന്നാണ് വിവരം. ഇയാളിൽ നിന്ന് സൈനിക, സിവിൽ രേഖകൾ കണ്ടെടുത്തിരുന്നു.
മോശം കാലാവസ്ഥയിൽ അവശ നിലയിലായിരുന്ന സൈനികന് ഓക്‌സിജൻ, ഭക്ഷണം, കമ്പിളി വസ്‌ത്രങ്ങൾ എന്നിവ നൽകി പരിചരിച്ചെന്നും കരസേന അറിയിച്ചു.
ചൈനയുടെ കടന്നുകയറ്റത്തെ തുടർന്ന് മേയ് മുതൽ വടക്കൻ ലഡാക് അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സംഭവം. സൈനിക-നയതന്ത്ര ചർച്ചകളെ തുടർന്ന് ഇരു പക്ഷവും സംയമനം പാലിക്കുന്നതിനാൽ സെപ്‌തംബറിനു ശേഷം അനിഷ്‌ട സംഭവങ്ങളുണ്ടായിട്ടില്ല.