
ന്യൂഡൽഹി: ആദ്യഘട്ട ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് ഗോദയിൽ വീണ്ടും മോദിയും രാഹുലും നേർക്കുനേർ എത്തുന്നു. ബി.ജെ.പിയുടെ താരപ്രചാരകരിൽ ഒന്നാമനായ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസിന്റെ പ്രധാന പ്രചാരകനായ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഒക്ടോബർ 23 മുതൽ സംസ്ഥാനത്ത് പ്രചാരണ റാലികൾക്ക് തുടക്കം കുറിക്കും.
മോദി 12 റാലികളിൽ പങ്കെടുക്കും. 23ന് ഡെഹ്രിയിലാണ് ആദ്യ റാലി. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി നിതീഷ് കുമാറുമുണ്ട്. തുടർന്ന് ഗയയിലും ബഗൽപുരിലും റാലികളിൽ പങ്കെടുക്കും. രാഹുലിന് അന്ന് നവാഡ ജില്ലയിലെ ഹിസുവയിലും ബഗൽപുരിലെ ഖേൽഗാവിലുമാണ് റാലിയുള്ളത്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഒപ്പമുണ്ടാകും. മൂന്നു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും രണ്ടുവീതം റാലികൾ എന്ന നിലയിൽ സംസ്ഥാനത്ത് ആകെ ആറ് റാലികളാണ് രാഹുൽ നടത്തുക. ഒക്ടോബർ 28നാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. എൻ.ഡി.എ വിട്ട് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാൻ നയിക്കുന്ന ലോക് ജനശക്തി പാർട്ടിയുടെ തട്ടകമായ സമസ്തിപുരിലടക്കം പ്രധാനമന്ത്രി റാലിയിൽ പങ്കെടുക്കുന്നുണ്ട്.  28ന് ധർഭംഗ, മുസഫർപുർ, പാട്ന, നവംബർ ഒന്നിന് ചപ്ര, മോതിഹാരി, സമസ്തിപുർ, നവംബർ 3ന് പടിഞ്ഞാറൻ ചമ്പാരൻ, സഹസ്ര, അരാരിയ എന്നിവിടങ്ങളിലാണ് മോദിയുടെ റാലി. കൊവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ പ്രസംഗവും പരിപാടിയും ഓരോ മണ്ഡലത്തിലെയും 5 ഗ്രാമങ്ങളിൽ എൽ.ഇ.ഡി സ്ക്രീനിലൂടെ  കാണാൻ അവസരമൊരുക്കും.