
ന്യൂഡൽഹി: കർഷക ബില്ലുകൾക്കെതിരായ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു മാസം നീണ്ട സമരപരിപാടികൾ സംഘടിപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച ജനറൽ സെക്രട്ടറിമാരുടെയും ചുമതല വഹിക്കുന്ന നേതാക്കളുടെയും യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാരിനൊപ്പം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെയും ലക്ഷ്യമിടുന്ന കോൺഗ്രസ് സ്ത്രീകൾക്കും തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും എതിരായ നടപടികളും ഉയർത്തിക്കാട്ടും. സർദാർ വല്ലഭായ് പട്ടേൽ ജന്മദിനവും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവുമായ ഒക്ടോബർ 31ന് പാർട്ടി കിസാൻ അധികാർ ദിവസമായി ആചരിക്കും. കർഷക ബില്ലുകൾക്കെതിരെ ഒരുമാസം ഒപ്പുശേഖരണ പരിപാടി നടത്തും.