
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മൂന്നാം ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം 8 ലക്ഷത്തിന് താഴെയായി. നിലവിൽ ചികിത്സയിലുള്ളത് 7,72,055 പേരാണ്. ഇത് ആകെ രോഗികളുടെ 10.23 ശതമാനം മാത്രമാണ്. മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. മഹാരാഷ്ട്രയിലും കർണാടകയിലും ഒരു ലക്ഷത്തിലേറെയും കേരളത്തിൽ ഒരു ലക്ഷത്തിനടുത്തുമാണ് ആക്ടീവ് കേസുകൾ.
രാജ്യത്ത പൊസിറ്റിവിറ്റി നിരക്ക് 7.94 ശതമാനമായി കുറഞ്ഞു.ആകെ പരിശോധനകൾ 9.5 കോടി കടന്നു.രോഗസ്ഥിരീകരണ നിരക്ക് കുറയുന്നത് രോഗവ്യാപനനിരക്ക് കുറയുന്നുവെന്നതിന്റെ സൂചനയാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 66 ലക്ഷത്തിലേറെപ്പേറും കഴിഞ്ഞ 24 മണിക്കൂറിനിടെ 66,399 പേരും രോഗമുക്തരായി.പുതുതായി 55,722 രോഗികൾ. ദേശീയ രോഗമുക്തി നിരക്ക് 88.26 ശതമാനമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 579 പേർ മരിച്ചു.