
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ പത്തൊൻപതുകാരി ബലാത്സംഗത്തിന് ഇരയായി മരിച്ച കേസിലെ നാലു പ്രതികളെയും സി.ബി.ഐ. ജയിലിലെത്തി ചോദ്യം ചെയ്തു. അലിഗഡിലെ ജയിലിൽ കഴിയുന്ന പ്രതികളെ സി.ബി.ഐ. പ്രത്യേക സംഘമാണ് ചോദ്യം ചെയ്യലിന് വിധേയരാക്കിയത്.
ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസന്വേഷണം പൂർത്തിയാക്കിയെങ്കിലും സി.ബി.ഐയും നിലവിൽ ഗ്രാമത്തിൽ ക്യാമ്പ് ചെയ്ത് കേസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയുടെ ചിതയൊരുക്കിയ സ്ഥലത്ത് നിന്നുള്ള ചാരവും പ്രതികളുടേതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്ന ചെരിപ്പും സി.ബി.ഐ കസ്റ്റഡിയിലെടുത്തു.ഒപ്പം പ്രതികളുടെ വീട്ടിൽ നിന്ന് ചോരപുരണ്ട വസ്ത്രങ്ങളും സംഘം പിടിച്ചെടുത്തിരുന്നു.