
ന്യൂഡൽഹി: അടുത്ത മാസം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി നടക്കുന്ന മലബാർ നാവികാഭ്യാസത്തിൽ അമേരിക്കയ്ക്കും ജപ്പാനുമൊപ്പം ആസ്ട്രേലിയയും പങ്കെടുക്കുന്നത് ചൈനയ്‌ക്കുള്ള ശക്തമായ സന്ദേശമാകും. ചൈനയുടെ വിമർശനത്തെ തുടർന്ന് 2007ന് ശേഷം മലബാർ നാവികാഭ്യാസത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ആസ്ട്രേലിയ.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ വെല്ലുവിളി നേരിടാൻ യു.എസ് നേതൃത്വത്തിൽ
ഇന്ത്യ, ജപ്പാൻ രാജ്യങ്ങൾ അടങ്ങിയ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് പ്രതിരോധ സഹകരണ കൂട്ടായ്‌മയിൽ അംഗമായതോടെയാണ് ആസ്ട്രേലിയയുടെ തിരിച്ചുവരവിന് കളമൊരുങ്ങിയത്. കഴിഞ്ഞ മാസം ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ ചേർന്ന ക്വാഡ് വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ആസ്ട്രേലിയയെ പങ്കെടുപ്പിക്കാനുള്ള അന്തിമ തീരുമാനമായത്. ചൈനയുമായുള്ള ആസ്ട്രേലിയയുടെ ബന്ധത്തിൽ കരടു വീണതും നിർണായകമായി. ആസ്ട്രേലിയയുമായുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും നാവിക അഭ്യാസത്തിനുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
2017ൽ രൂപീകൃതമായ ക്വാഡിലെ നാലു രാജ്യങ്ങൾ ഒന്നിച്ച് പങ്കെടുക്കുന്ന അഭ്യാസമെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ക്വാഡ് രാജ്യങ്ങളുടെ നാവികസേനകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന നാവികാഭ്യാസം അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ചൈനയ്‌ക്കുള്ള വ്യക്തമായ സന്ദേശമാണ്.
1992ൽ ഇന്ത്യയും അമേരിക്കയും ചേർന്നാരംഭിച്ച മലബാർ നാവികാഭ്യാസ പരമ്പരയിൽ 2015 മുതൽ ജപ്പാനും പങ്കാളിയാണ്. മലബാർ നാവിക അഭ്യാസം ഇന്തോ-പസഫിക് സമുദ്ര മേഖലയിലെ തങ്ങളുടെ സ്വാധീനം ഇല്ലാതാക്കാനുള്ള നീക്കമായാണ് ചൈന കാണുന്നത്. പാകിസ്ഥാനുമായി ചേർന്ന് ചൈന നടത്തുന്ന സൈനിക സഹകരണ നീക്കങ്ങളെ ക്വാഡ് വഴി ചെറുക്കാമെന്ന് ഇന്ത്യയും കണക്കുകൂട്ടുന്നു.