photo

രാജധാനി ട്രെയിനിൽ നാട്ടിലേക്കുള്ള യാത്രയിലാണ് ശിവൻ ചേട്ടനെ പരിചയപ്പെടുന്നത് (ശരിയായ പേരല്ല). ജമ്മുകാശ്‌മീർ അതിർത്തിയിൽ മൂന്നുവർഷത്തെ സേവനം കഴിഞ്ഞ് ഭോപ്പാലിലേക്ക് ട്രാൻസ്‌ഫർ ആയ ചേട്ടൻ പുതിയ യൂണിറ്റിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് കണ്ണൂരിലെ കുടുംബത്തെ കാണാൻ പോകുകയായിരുന്നു. ട്രെയിൻ പുറപ്പെട്ടപ്പോൾ ആദ്യം ജാക്കറ്റും പിന്നെ അതിനടിയിൽ ഇട്ടിരുന്ന അഞ്ചിലധികം ഉടുപ്പുകളും ഊരിമാറ്റുന്നത് കണ്ടാണ് മൂപ്പരെ ശ്രദ്ധിച്ചത്. രാവിലെ 11ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ട ട്രെയിനിൽ കയറിയ ചേട്ടൻ പുലർച്ചെ ആറുമണിക്ക് മറ്റൊരു ട്രെയിനിൽ ജമ്മുവിൽ നിന്ന് എത്തിയതേയുള്ളൂ. അതിനും മൂന്നു ദിവസം മുമ്പ് തുടങ്ങിയതാണ് യാത്ര. അതിർത്തിയിലെ പോസ്‌റ്റ് മുതൽ ഓരോ ഘട്ടത്തിലും തണുപ്പ് കുറയുന്തോറും ഓരോനിര വസ്‌ത്രങ്ങളും നീക്കിയെന്ന കമന്റ് കേട്ട് ഗൗരവത്തിലിരുന്ന സഹയാത്രികർ പോലും ചിരിച്ചു.

ഡൽഹിയിൽ നിന്ന് നാട്ടിലേക്കുള്ള ട്രെയിൻ യാത്രകളിൽ ഉത്തരേന്ത്യയിൽ ജോലി ചെയ്യുന്ന മലയാളി സൈനികരെ പരിചയപ്പെടാറുണ്ട്. അതിർത്തിയിലെ കാര്യങ്ങളും നരേന്ദ്രമോദി വന്ന ശേഷമുള്ള മാറ്റങ്ങളുമൊക്കെയാകും പലർക്കും വിഷയം. ഇക്കൂട്ടത്തിൽ ശിവൻ ചേട്ടനെക്കുറിച്ച് ഓർക്കാൻ പ്രത്യേക കാരണമുണ്ട്. അതു പറയാം. അദ്ദേഹം തണുപ്പ് ചെറുക്കാൻ ഒന്നിനു മേലെ ഒന്നായി വസ്‌ത്രങ്ങൾ അണിഞ്ഞത് സൂചിപ്പിച്ചല്ലോ. ജമ്മുകാശ്‌മീരിലെയും അതിർത്തിയിലെയും ശൈത്യത്തിന്റെ കാഠിന്യം ഡൽഹിയിൽ താമസിക്കുന്ന ഒരാൾക്ക് ഊഹിക്കാൻ ബുദ്ധിമുട്ടില്ല. എങ്കിലും തണുപ്പിനെക്കുറിച്ചും പട്ടാളക്കാർ അതു പ്രതിരോധിക്കുന്നതുമായിരുന്നു ശിവൻ ചേട്ടനോട് സംസാരിച്ചത്. അതിർത്തി പോസ്റ്റിലെ ട്രഞ്ചിൽ മൈനസ് പത്തു ഡിഗി തണുപ്പിൽ 'മിലിട്ടറി ദ്രാവകത്തിനാൽ' ഉള്ളുരുക്കി സ്ളീപ്പിംഗ് ബാഗിൽ ചുരുണ്ടുകൂടി കിടക്കുന്നതെല്ലാം വിവരിച്ചു. മൈനസ് ഡിഗ്രി തണുപ്പിലെ രാത്രികളെക്കുറിച്ച് അദ്ഭുതത്തോടെ കേൾക്കുന്നത് കണ്ട് മൂപ്പർ പറഞ്ഞു. സാറേ, ഇതൊന്നുമല്ല, തണുപ്പ്. തണുപ്പിന്റെ രാജാവ് വേറെയാണ്.(പട്ടാളക്കാർ പൊതുവെ ആരോട് സംസാരിച്ചാലും സർ എന്നാണ് അഭിസംബോധന ചെയ്യുക. പരിശീലനത്തിന്റെ ഭാഗമാകാം)

ഏഴുവർഷം മുമ്പ് മൈനസ് 60 ഡിഗിവരെ താപനിലയിൽ ആറു മാസത്തോളം സ്‌പെഷൽ ഡ്യൂട്ടിയെടുത്ത കാര്യം പറഞ്ഞപ്പോളാണ് കഥയ്‌ക്ക് ട്വിസ്‌റ്റു വന്നത്. മൂപ്പർ സൂചിപ്പിച്ചത് സിയാച്ചിൻ മഞ്ഞുമലയിലെ കാര്യമാണ്. 20,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ സൈനിക പോസ്റ്റ്. ആറുമാസം കൊണ്ട് ഡ്യൂട്ടി തീർന്നോ എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം രൂക്ഷമായി നോക്കി. എന്നിട്ട് കുനിഞ്ഞിരുന്ന് ഷൂ അഴിച്ചു മാറ്റി. ഇട്ടിരുന്ന ട്രാക്ക് സ്യൂട്ട് മുട്ടുവരെ വലിച്ചുകയറ്റി. എന്തോ അപകടം പറ്റിയതുപോലെ തൊലിയാകെ വലിഞ്ഞിരിക്കുന്നു. ആകെ മൊരിഞ്ഞിട്ടുമുണ്ട്. ജമ്മുകാശ്‌മീരിലെ കാലാവസ്ഥയിൽ പറ്റിയതാകുമെന്നാണ് കരുതിയത്.

'അല്ല, സാറേ, സിയാച്ചിനിലെ തണുപ്പ് തന്നതാ. ഇതുപുറത്ത് കാണുന്നത്. അകത്ത് വേറെയുമുണ്ട്. അസുഖങ്ങൾ. അവിടെ ആറുമാസമെന്നാൽ ഞങ്ങളെ ആയുസിന്റെ ആറുവർഷമെന്നാ അതിന്റെ അർത്ഥം. സിയാച്ചിനിൽ ഡ്യൂട്ടി കിട്ടിയാൽ ഗൾഫിൽ പോകുന്നത് പോലെയാ സാറെ. സർക്കാർ ഞങ്ങളെ നല്ലവണ്ണം നോക്കും. പക്ഷേ തണുപ്പിന്റെയൊരു കളിയുണ്ട്. അതു സഹിക്കാൻ കുറച്ചു പ്രയാസാ. മഞ്ഞല്ലാതെ ഒന്നുമില്ലാത്ത കുന്ന്. ഒരു വല്ലാത്ത കാറ്റു വീശും. അത് ശൂലം പോലെ മുഖത്തൊക്കെ (മുഖം മാത്രമാണല്ലോ പുറത്തുള്ളത്) കുത്തിയിറങ്ങും. മഞ്ഞു പാളിക്കിടയിൽ വീഴാതിരിക്കാക്കാൻ, സദാനേരവും ഇടിയുന്ന മഞ്ഞുമലക്കടിയിൽ പെടാതിരിക്കാൻ പ്രാർത്ഥിച്ച്, ഒരു തരം ജീവൻ പണയം വച്ചുള്ള കളി. പാകിസ്ഥാനിയല്ല അവിടെ ശത്രു. കാലാവസ്ഥയാണ്. നുബ്രാ നദിക്കടുത്തുള്ള ബേസ് ക്യാമ്പിൽ തിരിച്ചെത്തിയാൽ അത് ആയുസിന്റെ ബലമെന്ന് പറയാം." മഞ്ഞുപൊട്ടിച്ച് പാത്രലിട്ട് ഹീറ്ററിൽ വച്ച് ഉരുക്കി ചായയുണ്ടാക്കുന്നതും (ഓക്‌സിജൻ കുറവായതിനാൽ തീപ്പെട്ടിയും ലൈറ്ററും കത്തില്ല) ഡീസൽ ഹീറ്റർ നൽകുന്ന ചൂടിൽ ചെറിയ കൂടാരത്തിനുള്ളിൽ അന്തിയുറങ്ങിയതുമെല്ലാം ഒരു സിനിമാക്കഥ പോലെ അദ്ദേഹം വിവരിച്ചു.

ഒരു ദിവസം അഞ്ചു കോടി

76 കിലോമീറ്റർ ദൈർഘ്യമുള്ള സിയാച്ചിൻ മലനിരകൾ കാക്കാൻ 5000ത്തോളം സൈനികർ കാവലുണ്ട്. ഒരു സൈനികന് അഞ്ചു കോടി രൂപയിലേറെ ചെലവുണ്ടെന്നാണ് കണക്ക്. ഒരു സാദാ ഗോതമ്പ് ചപ്പാത്തിക്ക് 20,000 അടി മുകളിലെത്തുമ്പോൾ നൂറു രൂപയെങ്കിലും വിലയാകും. തണുപ്പ് പ്രതിരോധിക്കാൻ സൈനികർ ധരിക്കുന്ന പ്രത്യേക വസ്ത്രത്തിന് ഒരുലക്ഷം രൂപയിലേറെ വിലമതിക്കും. ഇങ്ങനെയുള്ള കണക്കുകളാണ് അഞ്ചുകോടിയിലെത്തുന്നത്.

ബേസ് ക്യാമ്പിൽ നിന്ന് ധ്രുവ് ഹെലികോപ്‌റ്ററിലും മറ്റും സാധനങ്ങൾ സൈനിക പോസ്റ്റുകളിലേക്ക് എയർലിഫ്റ്റ് ചെയ്യാറാണ് പതിവ്. സൂക്ഷിച്ച് പറത്തിയില്ലെങ്കിൽ ഹെലികോപ്റ്ററുകൾക്കും പറ്റാം അപകടം. സാങ്കേതിക പിഴവ് മൂലം കോപ്‌റ്ററുകൾ തകർന്ന് സൈനികർ കൊല്ലപ്പെടുന്നതും പതിവ്. ആഴ്‌ചയിൽ രണ്ടുവീതമെന്ന തോതിലാണ് സിയാച്ചിനിൽ അപകട നിരക്ക്.

ഒാപ്പറേഷൻ മേഘദൂത്

സിയാച്ചിനിലെ സാൾട്ടോറോ റിഡ്ജ് ഇന്ത്യൻ നിയന്ത്രണത്തിൽ അല്ലായിരുന്നെങ്കിൽ പാകിസ്ഥാൻ അധിനിവേശ കാശ്‌മീരിലേക്ക് നേരിട്ട് റോഡ് പണിയാൻ ചൈനയ്‌ക്ക് കഴിയുമായിരുന്നു. ഇപ്പോൾ പാകിസ്ഥാന്റെ ജിൽജിത്, ബാൾട്ടിസ്ഥാൻ മേഖലയും ചൈനയുടെ അധീനതയിലുള്ള അക്സായി ചിൻ അടക്കമുള്ള മേഖലയും 20,000 അടി ഉയരത്തിലുള്ള സിയാച്ചിനിൽ നിന്ന് ഇന്ത്യൻ സേനയ്‌ക്ക് നിരീക്ഷിക്കാനാകും. കോടികൾ ചെലവാക്കി, സൈനികരുടെ ആയുസ് ബലികഴിച്ച് ഇന്ത്യ സിയാച്ചിൻ കാക്കുന്നതിന്റെ കാരണമതാണ്

മഞ്ഞുമലയ്‌ക്ക് പിടിവലി ഉണ്ടാകില്ലെന്ന് കരുതി 1949ലെ കറാച്ചി അതിർത്തി നിർണയ കരാറിൽ എൻജെ 9842 എന്ന പോയിന്റിന് അപ്പുറം നോ മാൻസ് ലാൻഡ് ആയാണ് കണക്കാക്കിയിരുന്നത്. 1971ലെ ഇന്ത്യാ-പാക് യുദ്ധസമയത്തും സിയാച്ചിൻ ഒരു വിഷയമായില്ല. അതിന് ശേഷമാണ് പാകിസ്ഥാൻ ‌ഈ പ്രദേശത്തിന്റെ പ്രത്യേകത മനസിലാക്കി കൈക്കലാക്കാൻ നീക്കം തുടങ്ങിയത്. ക്രമേണ അവകാശവാദം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് അവർ അന്താരാഷ്‌ട്ര പർവതാരോഹ സംഘങ്ങൾക്ക് സിയാച്ചിൻ മലനിരകളിൽ അനുമതി നൽകി. കേണൽ നരേന്ദ്ര 'ബുൽ' കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ പാകിസ്ഥാന്റെ ലക്ഷ്യം വെളിപ്പെട്ടതോടെ ഇന്ത്യൻ സേന പട്രോളിംഗ് തുടങ്ങി. ഇതിനിടെ അവിടെ പോസ്‌റ്റ് സ്ഥാപിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചിരുന്നു. സൈനികർക്കുള്ള മഞ്ഞ് വസ്‌ത്രങ്ങൾക്ക് ഓർഡർ നൽകിയ ലണ്ടൻ കമ്പനി വഴി ഇന്ത്യയുടെ ചാര ഏജൻസി റാ വിവരം മണത്തറിഞ്ഞു. അതേ കമ്പനിയുമായി ഇന്ത്യയ്‌ക്കും ഇടപാടുണ്ടായിരുന്നു. പിന്നെ വൈകിയില്ല. 1984 ഏപ്രിലിൽ 'ഒാപ്പറേഷൻ മേഘദൂത് ' വഴി ഇന്ത്യ സിയാച്ചിൻ മലനിരകളിൽ ആധിപത്യം സ്ഥാപിച്ചു. പാകിസ്ഥാൻ സൈനികർ മലകയറി വന്നപ്പോഴേക്കും വൈകിപ്പോയിരുന്നു. അവർക്ക് ഇന്നും സാൾട്ടോറോ റിഡ്‌ജിന് താഴെയാണ് സ്ഥാനം.

സിയാച്ചിൻ അനുഭവങ്ങൾ ലഡാക്കിലേക്ക്

ചൈനയുമായി സംഘർഷം തുടരുന്ന ലഡാക് അതിർത്തിയിലും ഈ ശൈത്യകാലത്തും കാവൽ തുടരേണ്ടതിനാൽ സിയാച്ചിനിലേതിന് സമാനായ സാഹചര്യമാണ് ഇന്ത്യ നേരിടാൻ പോകുന്നത്. 13,000 അടിക്ക് മുകളിൽ ഉയരമുള്ള ചെങ്കുത്തായ മലനിരകളിൽ മൈനസ് 40 ഡിഗ്രി വരെ താഴുന്ന, അതിരൂക്ഷ കാലാവസ്ഥയിൽ സൈനികരെ നിലനിറുത്തുക വെല്ലുവിളിയും ചെലവേറിയതുമാണ്. മാത്രമല്ല, ചൈന കടന്നു കയറിയ പ്രദേശങ്ങളിൽ തുടരാനിടയുള്ളതിനാൽ ലഡാക് അതിർത്തി സ്ഥിരം സംഘർഷ മേഖലയുമാകും. അതായത് വർഷം മുഴുവൻ 3500 കിലോമീറ്റർ അതിർത്തി കാക്കാൻ നാം ബാദ്ധ്യസ്ഥരാണ്. ശിവൻ ചേട്ടനെപ്പോലെ രാജ്യത്തെ കാക്കാൻ ആയുസിന്റെ നല്ലൊരു ഭാഗം ബലികഴിച്ച്, അല്ലെങ്കിൽ ജീവൻ പണയം വച്ച് ഒരു പാട് സൈനികർ അവിടെയെത്തും. നമുക്ക് സ്വസ്ഥമായി ഉറങ്ങാൻ അവർ മഞ്ഞിനോട് പൊരുതി ഉറക്കമിളച്ച് കാവൽ നിൽക്കും. ജയ് ജവാൻ.