ന്യൂഡൽഹി: ഹാഥ്‌രസിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാല് പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് സി.ബി.ഐ.
പ്രതിയുടെ സ്‌കൂൾ സർട്ടിഫിക്കറ്റ് പരിശോധിച്ചതിൽ നിന്നാണിത് വ്യക്തമായതെന്ന് സി.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
സി.ബി.ഐ ഉദ്യോഗസ്ഥർ തിങ്കളാഴ്ച പ്രതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും പ്രതിയുടെ സ്‌കൂൾ സർട്ടിഫിക്കറ്റുകൾ വാങ്ങുകയും ചെയ്തിരുന്നു.
ഉത്തർപ്രദേശിലെ ബോർഡ് ഒഫ് ഹൈസ്‌കൂൾ ആൻഡ് ഇന്റർമീഡിയറ്റ് എഡ്യൂക്കേഷൻ നടത്തിയ 2018ലെ ഹൈസ്‌കൂൾ പരീക്ഷയുടെ മാർക്ക്ലിസ്റ്റാണ് സി.ബി.ഐക്ക് ലഭിച്ചത്. ഇതിൽ പ്രതിയുടെ ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത് 2002 ഡിസംബർ രണ്ടാണ്. മകന് പതിനെട്ട് തികഞ്ഞില്ലെന്ന് പ്രതിയുടെ അമ്മയും സ്ഥിരീകരിച്ചു.
കേസിൽ യു.പി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയെ സി.ബി.ഐ രൂക്ഷമായി വിമർശിച്ചു. നാല് പ്രതികളും അലിഗഡ് ജയിലിലാണ്. തിങ്കളാഴ്ച നാലുപേരെയും എട്ട് മണിക്കൂറോളം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
സെപ്തംബർ14നാണ് 19കാരിയായ പെൺകുട്ടിയെ മേൽജാതിക്കാരായ നാലു പേർ ബലാത്സംഗം ചെയ്തത്. ഡൽഹിയിലെ ആശുപത്രിയിലാണ് പെൺകുട്ടി മരിച്ചത്. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന്റെയും പൊലീസിന്റെയും നടപടിയിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ഒക്ടോബർ പതിനൊന്നിനാണ് കേസന്വേഷണം സി.ബി.ഐക്ക് വിട്ടത്.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാതെ എസ്.ഐ.ടി
കൊലപാതകത്തിൽ അന്വേഷണം പൂർത്തിയായിട്ടും യു.പി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചില്ല. മൂന്നാഴ്ച എടുത്താണ് കേസന്വേഷണം പൂർത്തിയാക്കിയത്. വൈകാതെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വെള്ളിയാഴ്ച എസ്.ഐ.ടി. വ്യക്തമാക്കിയത്. എന്നാൽ, മൂന്നു ദിവസം കഴിഞ്ഞിട്ടും ഇതുവരെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ, ഗ്രാമവാസികൾ, ആശുപത്രി അധികൃതർ എന്നിവരിൽ നിന്ന് അന്വേഷണ സംഘങ്ങൾ വിശദമായ മൊഴിയെടുത്തിരുന്നു. പ്രതികളിൽ ഒരാളെ പെൺകുട്ടി നിരവധി തവണ ഫോണിൽ വിളിച്ചതിന്റെ വിവരങ്ങൾ അന്വേഷണഘട്ടത്തിൽ എസ്.ഐ.ടി പുറത്തുവിട്ടത് വിവാദമായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്.പി, ഡി.എസ്.പി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ സസ്‌പെൻഡ് ചെയ്തത്.