mridul

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം വന്ന ദിവസത്തെക്കുറിച്ച് ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല രാജസ്ഥാൻ സവായ് മധോപൂർ സ്വദേശി മൃദുൽ റാവത്ത് (17). ഉത്തര സൂചിക നോക്കി ഉയർന്ന മാർക്ക് ഉറപ്പുവരുത്തി കാത്തിരിക്കുന്ന സമയത്താണ് താൻ പ്രവേശന പരീക്ഷയിൽ തോറ്റെന്ന് ഫലം വന്നത്. പരീക്ഷാ ഫലത്തെ ചോദ്യംചെയ്ത മൃദുൽ റാവത്തിന്റെ ഉത്തരക്കടലാസ് വീണ്ടും പരിശോധിച്ചപ്പോൾ അഖിലേന്ത്യാ തലത്തിൽ എസ്.ടി വിഭാഗത്തിൽ ഒന്നാം റാങ്ക്. ഇതോടെ സങ്കടം സന്തോഷത്തിലേക്ക് വഴിമാറി. വിധി നിർണയത്തിലെ പിഴവ് മൂലം ദിവസങ്ങളോളമാണ് വിദ്യാർത്ഥി മാനസികസമ്മർദം നേരിട്ടത്.

കഴിഞ്ഞ 16നാണ് നീറ്റ് ഫലം പ്രഖ്യാപിച്ചത്. 720ൽ 650 മാർക്ക് കിട്ടുമെന്നായിരുന്നു മൃദുലിന്റെ പ്രതീക്ഷ. പക്ഷേ, ലഭിച്ചത് 329 മാർക്ക്. മികച്ച വിജയം ലഭിക്കുമെന്ന ആത്മവിശ്വാസത്തിൽ നിൽക്കുമ്പോഴാണ് നടുക്കുന്ന ഫലം പുറത്തുവന്നതെന്ന് മൃദുൽ പറയുന്നു.

ഉത്തരസൂചികയും ഒ.എം.ആ.ർ ഷീറ്റും ഉപയോഗിച്ച് ഫലം ചോദ്യം ചെയ്തതോടെയാണ് യാഥാർത്ഥ്യം പുറത്തുവന്നത്. ഉത്തരക്കടലാസ് വീണ്ടും പരിശോധിച്ചപ്പോൾ 650 മാർക്ക് ലഭിച്ചു. മാർക്ക് കൂട്ടുന്നതിൽ തെറ്റ് പറ്റിയതായി അധികൃതർ അറിയിച്ചു. പൊതു വിഭാഗം റാങ്ക് പട്ടികയിൽ 3,577മത് സ്ഥാനമാണ് മൃദുലിന്.