
ന്യൂഡൽഹി: സംസ്ഥാനത്ത് 6805 തീരദേശ ചട്ടലംഘനങ്ങൾ പ്രാഥമികമായി കണ്ടെത്തിയെന്നും അവ പരിശോധിച്ച് ഉറപ്പാക്കാൻ അടുത്ത സെപ്തംബർവരെ സമയം നൽകണമെന്നും സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.
നിയമം ലംഘിച്ച് കേരള തീരത്ത് നടത്തിയ മുഴുവൻ നിർമാണങ്ങളും കണ്ടെത്തി നടപടിയെടുക്കണമെന്ന് മരട് ഫ്ളാറ്റുകളുടെ കേസ് പരിഗണിക്കവേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുപാലിച്ചില്ലെന്ന് കാട്ടി സംവിധായകൻ മേജർ രവി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സംസ്ഥാന സർക്കാർ മറുപടി നൽകിയത്. കളക്ടർമാരുടെ അദ്ധ്യക്ഷതയിലുണ്ടാക്കിയ തീരദേശ ജില്ലാകമ്മിറ്റികൾ തയ്യാറാക്കിയ കണക്കാണ് സർക്കാർ നൽകിയത്. 10 ജില്ലകളിലായി ആകെ 27,735 കേസാണ് വന്നത്. അതിൽ ചട്ടലംഘനം കണ്ടെത്തിയത് 6805 നിർമാണങ്ങളിലാണ്. ഇത് കരട് പട്ടികയാണെന്നും ഫീൽഡ് പരിശോധനയുൾപ്പെടെ നടത്തി ഉറപ്പുവരുത്താൻ ഏറെ സമയം വേണ്ടിവരുമെന്നും സർക്കാർ അറിയിച്ചു.
കണ്ടെത്തിയ കേസുകളുടെ വിശദാംശങ്ങൾ അതത് ജില്ലാ സമിതിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേസ് വീണ്ടും നവംബർ അഞ്ചിന് പരിഗണിച്ചേക്കും.