tahir-hussain

ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈനും കൂട്ടാളി അമിത് ഗുപ്തയും കള്ളപ്പണം വെളുപ്പിച്ചതിന് പ്രഥമ ദൃഷ്ടിയാൽ തെളിവുണ്ടെന്ന് ഡൽഹി കർകർദൂമ കോടതി അഡി.സെഷൻസ് ജഡ്ജ് അമിതാബ് റാവത്ത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണം.

1.10 കാേടി രൂപയുടെ കള്ളപ്പണം ബിനാമി കമ്പനികളിലൂടെ വെളുപ്പിച്ച് ഡൽഹി കലാപം ആളിക്കത്തിക്കാൻ വിനിയോഗിച്ചെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തൽ.

കേസിൽ താഹിർ ഹുസൈനെ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ജയിലിലാണ് താഹിർ ഹുസൈൻ.

കലാപത്തിനിടെ പ്രതിയും അഭിഭാഷകനും

ഫോണിൽ ബന്ധപ്പെട്ടു: വിചിത്രമെന്ന് കോടതി

ഡൽഹി കലാപത്തിനിടെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ കൊല്ലപ്പെട്ട കേസിൽ പ്രതിക്കും അഭിഭാഷകനുമെതിരെ ഡൽഹി കോടതി. കുറ്റകൃത്യം നടന്ന സമയത്ത് പ്രതിയും അഭിഭാഷകനും നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന് രേഖകളുണ്ടെന്ന കണ്ടെത്തലാണ് കോടതിയെ ചൊടിപ്പിച്ചത്. കേസിൽ പ്രതിയായ ഷദാബ് അഹമ്മദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

'പൊലീസുകാരൻ കൊല്ലപ്പെട്ട സമയത്ത് അതേസ്ഥലത്ത് തന്നെ പ്രതിയുമുണ്ടായിരുന്നു. ഫോൺ ലൊക്കേഷനിൽ അത് വ്യക്തമാണ്. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇതേസമയത്ത് മൂന്ന് തവണയാണ് പ്രതിയെ വിളിച്ചിട്ടുള്ളത്. ഒരു പക്ഷേ, ഇത് യാദൃശ്ചികമായിരിക്കാം. പക്ഷേ, പ്രധാന്യമല്ലാത്തതുമല്ല. ഇതെല്ലാം ഒരു അഭിഭാഷകന് ധാർമികമായി ചേരുന്നതാണോ എന്നതിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും" അഭിഭാഷകന്റെ പേര് വ്യക്തമാക്കാതെ ജഡ്ജി പറഞ്ഞു.