ugc

ന്യൂഡൽഹി : രാജ്യത്തെ വിവിധ സർവകലാശാലകളിൽ പിന്നാക്കവിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഒഴിവുകളിലെ നിയമനങ്ങൾ ഉടൻ പൂർത്തിയാക്കി റിപ്പോർട്ടയയ്ക്കാൻ നിർദ്ദേശിച്ച് സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും യു.ജി.സി സർക്കുലർ അയച്ചു. അദ്ധ്യാപക - അനദ്ധ്യാപക തസ്തികകളിലെ പിന്നാക്ക സംവരണ ഒഴിവുകളിൽ നിയമനം നടക്കുന്നില്ലെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 ഒഴിവുകളുടെ വിവരങ്ങൾ വെബൈസ്റ്റിൽ ഇടണം

ഓരോ സ‌ർവകലാശാലയിലും എത്ര സംവരണ സീറ്റുകളിൽ ഒഴിഞ്ഞു കിടക്കുന്നുവെന്ന് കൃത്യമായി വെബ്സൈറ്റുകളിൽ രേഖപ്പെടുത്തണം. അദ്ധ്യാപക - അനദ്ധ്യാപക ഒഴിവുകൾ വെവ്വേറെ കാണിക്കണം. 2020 -21 അദ്ധ്യയന വർഷത്തിൽ സംവരണ സീറ്റുകളിൽ പ്രവേശനം നേടുന്ന വിദ്യാ‌ർത്ഥികളെ സംബന്ധിച്ച കൃത്യമായ രേഖ സൂക്ഷിക്കണം.

 നികത്താത്ത നൂറ് കണക്കിന് ഒഴിവുകൾ

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം സർക്കാർ തസ്തികകളിലെ 27 ശതമാനം നിയമനങ്ങൾ ഒ.ബി.സിക്കാർക്കായി സംവരണ ചെയ്യപ്പെട്ടതാണ്. കേന്ദ്ര സ‌ർവ്വകലാശാലകളിലെ 2,498 പ്രൊഫസർ തസ്തികകളിൽ 678 എണ്ണം ഒ.ബി.സിക്കാർക്ക് അവകാശപ്പെട്ടതാണ്. എന്നാൽ, ആകെ നീക്കിവച്ചത് 313 എണ്ണം. അതിൽത്തന്നെ നിയമനം നടന്നത് 9 ഒഴിവുകളിൽ മാത്രമാണ്. അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 735 ഒ.ബി.സിക്കാർക്ക് നിയമനം ലഭിക്കേണ്ടിടത്ത്,

ലഭിച്ചത് 38 പേർക്ക് മാത്രം. ഒ.ബി.സിക്കാർക്കുള്ള 2232 അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം ലഭിച്ചത് 1327 പേർക്കും..

കേന്ദ്ര സ‌ർവ്വകലാശാലകളിൽ അദ്ധ്യാപകകുടെ 6,688 സംവരണ തസ്തികകളിലും നിയമനം നടന്നിട്ടില്ല. ഇതിൽ 1,084 എണ്ണം എസ്.സിക്കും, 604 എണ്ണം എസ്.ടിക്കും, 1,684 എണ്ണം ഒ.ബി.സിക്കും മാറ്റിവച്ചതാണ്. കഴിഞ്ഞ ഒക്ടോബറിലെ കണക്കുകൾ പ്രകാരം, സംസ്ഥാന സർവകലാശാലകളിൽ പിന്നാക്ക വിഭാഗങ്ങൾക്കായി നീക്കി വച്ച 2,46,509 തസ്തികകളിൽ 1,79,950

എണ്ണത്തിലാണ് നിയമനം നടന്നത്.