bihar-election

ന്യൂഡൽഹി: അതിശക്തരും തന്ത്രശാലികളുമായ രണ്ട് രാഷ്ട്രീയ നേതാക്കൾ. അവരുടെ രണ്ട് മക്കൾ. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വേദിയാകുന്നത് അച്ഛൻമാരുടെ അഭാവത്തിൽ രാഷ്ട്രീയ സമ്പാദ്യം കാത്തുസൂക്ഷിക്കാനുള്ള മക്കൾ പോരാട്ടത്തിന് കൂടിയാണ്. തേജസ്വി യാദവിനെയും ചിരാഗ് പാസ്വാനെയും കൂടാതെ രാഷ്ട്രീയ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ നിരവധി മക്കളും ഭാര്യമാരും സഹോദരൻമാരും ബീഹാർ ഗോദയിലുണ്ട്.

 തേജസ്വി യാദവ്
ദീർഘകാലം ബീഹാർ രാഷ്ട്രീയത്തിലെ നിറസാന്നിദ്ധ്യമായ ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവ് കാലത്തീറ്റ കേസിൽ ജയിലിലാണ്. 40 വർഷത്തിന് ശേഷം ലാലു പ്രചാരണ രംഗത്തില്ലാതെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെയും മഹാസഖ്യമുന്നണിയുടെയും ഭാരം മുഴുവൻ ഇളയമകൻ തേജസ്വി യാദവിന്റെ ചുമലിലാണ്. ആദ്യ മഹാസഖ്യ സർക്കാരിൽ ഉപമുഖ്യമന്ത്രി. നിലവിലെ പ്രതിപക്ഷ നേതാവ്. നിതീഷ് കുമാർ- മോദി സഖ്യത്തിനെതിരെ പാർട്ടിയെയും മുന്നണിയെയും പിടിച്ചുനിറുത്താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഈ മുപ്പത് കാരന് കഴിയുമോ?.


 ചിരാഗ് പാസ്വാൻ
എൽ.ജെ.പിയുടെ ദളിത് രാഷ്ട്രീയക്കൊടി മകൻ ചിരാഗ് പാസ്വാന് കൈമാറിയാണ് അച്ഛൻ രാംവിലാസ് പാസ്വാൻ വിടപറഞ്ഞത്. നിതീഷ് കുമാറിനോട് പരസ്യമായി ഏറ്റുമുട്ടി, ബി.ജെ.പിയെയും മോദിയെയും പുകഴ്ത്തി, സംസ്ഥാനത്ത് എൻ.ഡി.എ മുന്നണിയിൽ നിന്ന് മാറി ഒറ്റയ്ക്ക് മത്സരിക്കാനെടുത്ത തീരുമാനം ഗുണമാകുമോയെന്ന് കണ്ടറിയണം. ജാമുയയിൽ നിന്നുള്ള ലോക്‌സഭാംഗമാണ്. 2019ൽ എൽ.ജെ.പിക്ക് 6 ലോക്‌സഭാ സീറ്റ് കിട്ടി. 2015 നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റാണ് കിട്ടിയത്. ഇക്കുറി നൂറിലേറെ സീറ്റിലാണ് മത്സരം. രാംവിലാസ് പാസ്വാന്റെ മരണത്തെ തുടർന്നുള്ള സഹതാപ തരംഗം ചിരാഗിന് തുണയ്ക്കുമോ?

 ജയ് കുടുംബ മഹാത്മ്യം


 തേജ് പ്രതാപ് യാദവ് (32)

ലാലു പ്രസാദ് യാദവിന്റെ മൂത്തമകൻ. ആദ്യ മഹസഖ്യ സർക്കാരിൽ ആരോഗ്യമന്ത്രി. മഹുവ മണ്ഡലത്തിൽ നിന്നുള്ള ആർ.ജെ.ഡി എം.എൽ.എ. ഇക്കുറി ഹസൻപുരിലേക്ക് മാറി.

 സുഭാഷിണി യാദവ്

എൽ.ജെ.ഡി നേതാവ് ശരദ് യാദവിന്റെ മകൾ. ദിവസങ്ങൾക്ക് മുമ്പാണ് കോൺഗ്രസിലെത്തിയത്. അച്ഛന്റെ തട്ടകമായ മധേപുരയിലെ ബീഹാരി ഗഞ്ച് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നു.

 ശ്രേയസി സിംഗ്

കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ നേടിയ ഷൂട്ടിംഗ് താരം. അന്തരിച്ച മുൻ കേന്ദ്രമന്ത്രി ദ്വിഗ് വിജയ് സിംഗിന്റെ മകൾ. ജാമുയിൽനിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥി. അമ്മ പുതുൽകുമാരി മുൻ ലോക്‌സഭാംഗമാണ്.

 ലവ് സിൻഹ

നടൻ. ബങ്കിപുരിലെ കോൺഗ്രസ് സ്ഥാനാർത്ഥി. ബോളിവുഡ് താരവും കോൺഗ്രസ് നേതാവുമായ ശത്രുഘ്‌നൻ സിൻഹയുടെ മകൻ.

 പുഷ്പം പ്രിയ ചൗധരി

മുൻ കേന്ദ്രമന്ത്രിയും ജനതാദൾ നേതാവുമായിരുന്ന വിനോദ് ചൗധരിയുടെ മകൾ. ഈ വർഷം മാർച്ചിൽ 'ദി പ്ലൂരൽ" പാർട്ടി സ്ഥാപിച്ചു. പാട്ന ജില്ലയിലെ ബങ്കിംപുരിൽ നിന്ന് മത്സരിക്കുന്നു.

 നിഖിൽകുമാർ മണ്ഡൽ

ബി.പി മണ്ഡലിന്റെ കൊച്ചുമകനും സിറ്റിംഗ് എം.എൽ.എ മഹീന്ദ്രകുമാർ മണ്ഡലിന്റെ മകനും. അച്ഛന് പകരം മധേപുരിൽ നിന്ന് മത്സരിക്കുന്നു.

 കൗശൽ കിഷോർ

ഹരിയാന ഗവർണർ സത്യനാരായൺ ആര്യയുടെ മകൻ. രാജ്ഗിർ സംവരണമണ്ഡലത്തിൽ ജെ.ഡി.യു സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

 സുഭാനന്ദ് മുകേഷ്

കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സദാനന്ദ് സിംഗിന്റെ മകൻ. ഖേൽഗാവിൽ ജനവിധി തേടുന്നു.

ചന്ദ്രിക റായ്

വൈശാലി ജില്ലയിലെ പർസയിൽ നിന്നുള്ള ജെ.ഡി.യു സ്ഥാനാർത്ഥി. മുൻ ബീഹാർ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ മകനാണ്. മുൻ ആർ.ജെ.ഡി എം.എൽ.എ ലാലുപ്രസാദ് യാദവിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവിന്റെ ഭാര്യയുടെ പിതാവ്.