
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിന് സംവരണം ഉൾപ്പെടുത്താനാകില്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. സുപ്രീംകോടതിയിൽ പിന്നാക്ക വിഭാഗങ്ങൾ, വനിതകൾ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ എം.പി. പി.വിൽസൺ കേന്ദ്രത്തിന് അയച്ച കത്തിന് മറുപടിയായാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പ്രതികരണം. നിലവിൽ 30 ജഡ്ജിമാരാണ് സുപ്രീംകോടതിയിലുള്ളത്. അതിൽ രണ്ട് വനിതകൾ, മൂന്ന് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവർ, ഒരു എസ്.സി വിഭാഗത്തിൽ നിന്നുള്ളയാൾ എന്നിവർ ഉൾപ്പെടുന്നു. ആർട്ടിക്കിൾ 124 പ്രകാരമാണ് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതെന്നും ജാതി, മതം, വർഗം തുടങ്ങിയ സംവരണങ്ങൾക്ക് അതീതമാണ് നിയമനമെന്നും നിയമമന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ പിന്നാക്ക, വനിത വിഭാഗങ്ങളിലുള്ളവരെ അഭ്യസ്തവിദ്യരെ ഉൾപ്പെടുത്താൻ നടപടിയെടുക്കാൻ നിർദേശം നൽകാമെന്നും നിയമ മന്ത്രാലയം പ്രതികരിച്ചു.