
ന്യൂഡൽഹി: ദസറ ആഘോഷത്തിന് മുൻപ് കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ഈ വർഷത്തെ ബോണസ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 30.67 ലക്ഷം നോൺ ഗസറ്റഡ് ജീവനക്കാർക്ക് പ്രയോജനപ്പെടുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. 3,737 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചെലവഴിക്കുന്നത്.റെയിൽവേ, തപാൽ, ഇ.പി.എഫ്.ഒ, ഇ.എസ്.ഐ കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ 16.97 ലക്ഷം ജീവനക്കാർക്ക് ലാഭവിഹിതം അടിസ്ഥാനമാക്കിയാണ് ബോണസ് നൽകുക. മറ്റിടങ്ങളിലെ 13.70 ലക്ഷം ജീവനക്കാർക്ക് സാധാരണ ബോണസും നൽകും. വിജയദശമിക്ക് മുമ്പ് ഒറ്റത്തവണയായിട്ടായിരിക്കും ബോണസ് നൽകുക. തുക ജീവനക്കാരുടെ അക്കൗണ്ടിൽ നേരിട്ട് നൽകും.ലാഭവിഹിതം കണക്കാക്കി നൽകുന്ന സ്ഥാപനങ്ങളിൽ നിശ്‌ചിത ദിവസത്തെ ജീവനക്കാരുടെ പ്രകടനം അടിസ്ഥാനമാക്കിയും മറ്റു സ്ഥാപനങ്ങളിൽ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടിസ്ഥാനമാക്കിയുമാണ് ബോണസ് നൽകുന്നത്.കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈവർഷം ബോണസ് ഉണ്ടാകില്ലെന്ന സൂചനയെ തുടർന്ന് ഓൾ ഇന്ത്യാ റെയിൽവേ ഫെഡറേഷൻ ഇന്ന് സമരം നടത്താനിരിക്കെയാണ് സർക്കാരിന്റെ പ്രഖ്യാപനം. ദസറ ആഘോഷം തുടങ്ങുന്ന ആഴ്ചയാണ് പതിവായി ബോണസ് പ്രഖ്യാപിക്കുന്നത്.