
ന്യൂഡൽഹി: ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ തൊഴിലാളികളുടെ മക്കൾക്കുള്ള സംവരണ സീറ്റുകൾ പൊതു ക്വാട്ടയിലേക്ക് മാറ്റിയ രണ്ട് ഉത്തരവുകൾ ഇ.എസ്.ഐ. കോർപറേഷൻ പിൻവലിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപിയെ ഇ.എസ്.ഐ. കോർപറേഷൻ ഡയറക്ടർ ജനറൽ അനുരാധ പ്രസാദ് അറിയിച്ചതാണിത്.
ഇ.എസ്.ഐ ക്വാട്ട സംബന്ധിച്ച കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലിരിക്കുന്നതിനാൽ ഈ വർഷം പ്രവേശന നടപടികൾ നടത്താൻ ഇടക്കാല ഉത്തരവിനായി ഇ.എസ്.ഐ കോർപറേഷൻ ഹർജി സമർപ്പിച്ചിരുന്നു. സംവരണ സീറ്റുകൾ മടക്കി കിട്ടിയ സാഹചര്യത്തിൽ പ്രവേശന നടപടികൾ തുടങ്ങാൻ ഇടക്കാല ഉത്തരവ് ലഭിച്ചാലുടൻ ഇ.എസ്.ഐയ്ക്ക് കഴിയുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു.
ഇ.എസ്.ഐ ക്വാട്ട പുനഃസ്ഥാപിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്‌വാറുമായി എം.പി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് ഇ.എസ്.ഐ കോർപ്പറേഷൻ സംവരണ ക്വാട്ട അവസാനിപ്പിച്ച് ഉത്തരവിറക്കിയത്.