bihar-election

പാട്ന / ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ജെ.പിയും കോൺഗ്രസും പ്രകടന പത്രിക പുറത്തിറക്കി. അധികാരത്തിലെത്തിയാൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയും തൊഴിൽ തേടുന്നവർക്ക് വെബ്‌സൈറ്റും എൽ.ജെ.പി വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് വലിയ സീതാ ക്ഷേത്രം നിർമ്മിക്കുമെന്നും ഇത് ബീഹാറിന് ലോക ഭൂപടത്തിൽ ഇടം നൽകുമെന്നും പാ‌ർട്ടി അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ പുറത്തിറക്കിയ പത്രികയിൽ പറയുന്നു. 'ബീഹാർ ഒന്നാമത് ബീഹാറി ഒന്നാമത്" എന്നതാണ് തങ്ങളുടെ കാഴ്ചപ്പാട്. നിതീഷ്‌കുമാർ വീണ്ടും അധികാരത്തിൽ വന്നാൽ ബീഹാർ തോൽക്കുമെന്നും ചിരാഗ് പറഞ്ഞു.

എൽ.കെ.ജി മുതൽ ബിരുദാനന്തര ബിരുദം വരെ പെൺകുട്ടികൾ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതാണ് കോൺഗ്രസ് പ്രകടന പത്രിക.. രൺദീപ് സിംഗ് സുർജേവാല, രാജ് ബബ്ബർ തുടങ്ങിയ നേതാക്കളാണ് പത്രിക പുറത്തിറക്കിയത്.

എൽ.ജെ.പി വാഗ്ദാനങ്ങൾ

 രാജസ്ഥാനിലെ കോട്ട നഗരത്തിന് സമാനമായി വിദ്യാർത്ഥികൾക്ക് താമസവും ലൈബ്രറി സൗകര്യങ്ങളുമടക്കം കോച്ചിംഗ് കേന്ദ്രങ്ങൾ

 ജോലി അവസരങ്ങൾ ലഭ്യമാക്കാനായി വെബ്‌സൈറ്റ്

 യുവജന കമ്മിഷൻ രൂപീകരിക്കും.

 എല്ലാ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഹെഡ്ക്വാർട്ടേഴ്‌സിലും സ്ത്രീകൾക്കായി പ്രത്യേക ടോയ്ലറ്റ്.

 വെള്ളപ്പൊക്കവും വരൾച്ചയും തടയാനായി എല്ലാ നദികളെയും ബന്ധിപ്പിച്ചുകൊണ്ട് കനാൽ.

 സർക്കാർ വകുപ്പുകളിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തൽ.

കോൺഗ്രസ് പ്രകടന പത്രിക

 കർഷക കടം എഴുതിത്തള്ളൽ,

 കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്നു കാർഷിക നിയമങ്ങളെയും മറികടക്കാൻ പുതിയ നിയമം കൊണ്ടുവരും.

 ശുദ്ധമായ കുടിവെള്ളം മുതിർന്നവർക്കും സ്ത്രീകൾക്കും പെൻഷൻ.

 വൈദ്യുതി കുടിശ്ശിക എഴുതി തള്ളൽ.

 1500 രൂപ തൊഴിലില്ലായ്മ വേതനം.

 കോൺഗ്രസ് ലോക്‌സഭാ സമയത്ത് മുന്നോട്ടുവച്ച ന്യായ് പദ്ധതി