
ന്യൂഡൽഹി: വടക്കൻ ലഡാക്കിലെ ഡെംചുക്കിൽ അതിർത്തി കടന്നതിന് ഇന്ത്യൻ സേന പിടികൂടിയ സൈനികൻ കോർപറൽ വാങ്‌യാ ലോംഗിനെ ചൈനയ്‌ക്ക് കൈമാറി. ഒക്‌ടോബർ 18ന് പിടിയിലായ വാങ്‌യാവിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അന്താരാഷ്‌ട്ര ധാരണകൾ പ്രകാരം ചൊവ്വാഴ്ച രാത്രി ചുഷൂൽ മേഖലയിലെ മോൾഡോ അതിർത്തിയിൽ ചൈനീസ് അധികൃതർക്ക് കൈമാറിയത്. സൈനികനെ കാണാതായ വിവരം ചൈന ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിരുന്നു.
ഇയാൾ ചൈന ഷാങ്സി സ്വദേശിയും സൈനികനുമാണെന്ന് തെളിയിക്കുന്ന രേഖകൾ കണ്ടെടുത്തിരുന്നു. വഴിതെറ്റി അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നതാണോ എന്നുറപ്പിക്കാനാണ് വിശദമായി ചോദ്യം ചെയ്തത്. ഈയാഴ്‌ച എട്ടം വട്ട കമാൻഡർ തല കൂടിക്കാഴ്‌ച നടക്കാനിടയുള്ള സാഹചര്യത്തിലാണ് സൈനികനെ പെട്ടെന്ന് വിട്ടയച്ചതെന്നാണ് സൂചന. മോശം കാലാവസ്ഥയിൽ അവശ നിലയിലായിരുന്ന സൈനികന് ഓക്‌സിജൻ, ഭക്ഷണം, കമ്പിളി വസ്‌ത്രങ്ങൾ എന്നിവ നൽകി ഇന്ത്യൻ സൈന്യം പരിചരിച്ചിരുന്നു.