
ന്യൂഡൽഹി: അബുദാബിയിൽ കഴിഞ്ഞ വർഷം നടന്ന ഇന്ത്യൻ ഓഷൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ മഹിളാ മോർച്ച നേതാവും കൊച്ചിയിലെ പി.ആർ. കമ്പനി മാനേജരുമായ സ്‌മിതാ മേനോനെ ഔദ്യോഗിക സംഘത്തിൽ ഉൾപ്പെടുത്തിയത് പ്രോട്ടോക്കോൾ ലംഘനമല്ലെന്ന് കണ്ടെത്തി പരാതി തീർപ്പാക്കി.
അതേസമയം അബുദാബി ഇന്ത്യൻ എംബസിയെ സ്വാധീനിച്ചാണ് മുരളിധരൻ പ്രോട്ടോക്കോൾ ലംഘിച്ചതെന്നും അതേ എംബസിയിലെ വെൽഫെയർ ഓഫീസർ പരാതി തീർപ്പാക്കിയത് അംഗീകരിക്കില്ലെന്നും പരാതിക്കാരനായ യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ പരാതി വിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് കൈമാറി. അവിടെ നിന്നാണ് അബുദാബി ഇന്ത്യൻ എംബസിയിലെ വെൽഫെയർ ഓഫീസർ പൂജാ വെർണേക്കിന് ലഭിച്ചത്. മന്ത്രിയുടെ അധികാരപരിധിയിലുള്ള എംബസി ഉദ്യോഗസ്ഥ പ്രോട്ടോക്കോൾ ലംഘനമില്ലെന്നു പറഞ്ഞ് പരാതി തള്ളിയത് പ്രഹസനമാണ്. വീണ്ടും പരാതി അയച്ചു. വിജിലൻസ് കമ്മിഷനിലും പരാതി നൽകി - അദ്ദേഹം പറഞ്ഞു.