
ന്യൂഡൽഹി :കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഇന്ത്യയിലായിരുന്നു. മലിനമായ വായുവിൽ ശ്വാസം മുട്ടി മരിച്ചത് 1. 16 ലക്ഷം നവജാതശിശുക്കൾ !
സ്റ്റേറ്റ് ഒഫ് ഗ്ളോബൽ എയറിന്റെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരം. നേപ്പാൾ, കിഴക്കൻ ആഫ്രിക്കയിലെ നൈജർ, നൈജീരിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിൽ. ബംഗ്ലാദേശും പാകിസ്ഥാനും ഒൻപതും പത്തും സ്ഥാനത്താണ് .
കുഞ്ഞുങ്ങളിൽ പകുതിയും മരിച്ചത് സൂക്ഷമമായ മാലിന്യ കണങ്ങൾ അടങ്ങിയ വായു (പി. പി.എം.2.5) ശ്വസിച്ചാണ്. ബാക്കി മരണം വിറക്, ഉണങ്ങിയ ചാണകം, കരി തുടങ്ങിയവ കത്തിക്കുമ്പോൾ വായുവിൽ നിറയുന്ന സൂക്ഷമമായ പൊടി ശ്വസിച്ചാണ്.
മലിന വായു ശ്വസിക്കുന്ന ഗർഭിണികൾ മാസം തികയാതെ പ്രസവിക്കും. ഈ കുഞ്ഞുങ്ങൾക്ക് ഭാരകുറവുണ്ടാവും. ആദ്യ മാസം തന്നെ മരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വർഷം 1.67 ജനങ്ങൾ മരിക്കുന്നു
അന്തരീക്ഷ മലിനീകരണം ജനങ്ങളുടെ ശ്വാസകോശത്തെ തകരാറിലാക്കുന്നു. കഴിഞ്ഞ വർഷം 16.7 ലക്ഷം ജനങ്ങളാണ് പ്രമേഹം , ശ്വാസകോശ കാൻസർ, മറ്റ് ശ്വാസകോശരോഗങ്ങൾ, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവ മൂലം മരിച്ചത്. ലോകത്ത് ആകെ 67 ലക്ഷം ജനങ്ങൾ മരിച്ചപ്പോഴാണ് ഇന്ത്യയിൽ ഇത്രയും പേർ മലിനീകരണത്തിന് കീഴങ്ങിയത്.
പട്ടിണിയും പുകവലിയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ മരണം വായുമലിനീകരണം മൂലമാണ്. വായു മലിനീകരണം കുറച്ചാൽ ഇന്ത്യയിലെ ആയുർദൈർഘ്യം 1.7 വർഷമെങ്കിലും കൂടും.
ഡൽഹിയിൽ ദിവസം 80 മരണം
ഡൽഹിയിൽ ശ്വാസകോശ രോഗങ്ങൾ കാരണം ദിവസം 8ഓളം പേർ മരിക്കുന്നു. ഒരാൾ ദിവസം ശരാശരി 20 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഡൽഹിയിലെ വായു ശ്വസിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. വാഹനങ്ങളുടെ അതിപ്രസരവും ജനത്തിരക്കും പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലും വൈക്കോലും കാർഷികാവശിഷ്ടങ്ങളും കത്തിക്കുന്നതിന്റെ പുകയും ഡൽഹിയെ ശ്വാസം മുട്ടിക്കുന്നു. കൃഷിയിടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് പരിശോധിക്കാൻ റിട്ട. ജസ്റ്റിസ് മദൻ ബി ലോക്കൂറിനെ നിയോഗിച്ചിരിക്കുകയാണ് സുപ്രീംകോടതി.