
ന്യൂഡൽഹി : മദ്ധ്യപ്രദേശിലെ രെവാ ജില്ലയിൽ കൊലപാതകക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത 20കാരിയെ അഞ്ച് പൊലീസുകാർ ലോക്കപ്പിലിട്ട് പത്തു ദിവസം കൂട്ടമാനഭംഗം ചെയ്തെന്ന പരാതിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി.
സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് ഡി.ജി.പി., ഡി.ജി.പി എന്നിവർക്ക് നോട്ടിസും നൽകി. ഡെപ്യൂട്ടി ഐ.ജി. തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് പരാതി അന്വേഷിപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. രെവയിൽ നടന്ന ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് തന്നെയും ആൺസുഹൃത്തിനെയും കഴിഞ്ഞ മേയ് 9ന് പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോവുകയും സ്റ്റേഷനിൽ വച്ച് പത്ത് ദിവസം അഞ്ച് പൊലീസുകാർ ചേർന്നു ബത്സാംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി. ജയിൽ വാർഡനോട് പീഡനവിവരം പറഞ്ഞെങ്കിലും 'നിന്റെ തോന്നലായിരുന്നെന്നാണ് മറുപടിയെന്നും പരാതിയിൽ ആരോപിക്കുന്നു. ഇക്കഴിഞ്ഞ 10 ന് അഡിഷണൽ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിൽ സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.