
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മുതിർന്ന ബി.ജെ.പി നേതാവ് ഏക്‌നാഥ് ഖഡ്‌സെ പാർട്ടിയിൽ നിന്ന് രാജിവച്ചു. മുൻ ബി.ജെ.പി മന്ത്രിസഭയിൽ അംഗമായിരുന്ന ഏക്‌നാഥ് ഖഡ്‌സെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഖഡ്സെ നാളെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ.സി.പി) ചേർന്നേക്കുമെന്നാണ് വിവരം. രാജിവച്ചതിന് പിന്നാലെ ഖഡ്സെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കുറ്റപ്പെടുത്തി.ഫഡ്‌നാവിസ് തന്റെ ജീവിതം നശിപ്പിച്ചതായും പാർട്ടിയിൽ നിന്നും പുറത്തുപോകാനുള്ള കാരണം ഫഡ്‌നാവിസാണെന്നും ഏക്‌നാഥ് ഖഡ്സെ ആരോപിച്ചു. ഖഡ്സെയുടെ രാജി സ്ഥിരീകരിച്ചതായി ബി.ജെ.പി അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി മഹാരാഷ്ട്രയിലെ ബി.ജെ.പി ക്യാമ്പിൽ അസ്വസ്ഥത പുകയുന്നുണ്ടായിരുന്നു. ഒപ്പം ഖഡ്സെ ഉടൻ തന്നെ എൻ.സി.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ മഹാരാഷ്ട്ര ബി.ജെ.പി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലും ദേവേന്ദ്ര ഫഡ്നാവിസും ഇതെല്ലാം തള്ളികളഞ്ഞിരുന്നു.
ഏക്‌നാഥ് ഖഡ്‌സെ നാളെ എൻ.സി.പിയിൽ ചേരുമെന്ന് എൻ.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജയന്ത് പാട്ടീൽ മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഫഡ്‌നാവിസ് മന്ത്രസഭയിലെ റവന്യൂ മന്ത്രി ആയിരുന്ന ഖഡ്‌സെ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് 2016 ലാണ് രാജി വച്ചത്. സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരാൻ തയ്യാറെടുത്തെങ്കിലും 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഖഡ്‌സെയ്ക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചു. ഖഡ്‌സെയ്ക്ക് പകരം മകൾ രോഹിണിയ്ക്ക് സീറ്റ് ലഭിച്ചെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥി ചന്ദ്രകാന്ത് പാട്ടീലിനോട് തോറ്റു. മഹാരാഷ്ട്രയിൽ അധികാരം നിലനിറുത്തുന്നതിൽ ബി.ജെ.പി. പരാജയപ്പെട്ടതിനെത്തുടർന്ന് ഫഡ്‌നാവിസിനെതിരെ ഖഡ്‌സെ കടുത്ത വിമർശനം ഉയർത്തിയിരുന്നു.
ലേവ പട്ടീൽ സമുദായത്തിലെ അതിശക്തനായ നേതാവാണ് ഖാഡ്‌സെ. 2018ലും അദ്ദേഹം ബി.ജെ.പി വിടാനൊരുങ്ങിയിരുന്നു.
സ്വാഗതം ചെയ്യുന്നു
ഖഡ്‌സെ ബി.ജെ.പി വിട്ടെന്ന വാർത്തയെ സ്വാഗതം ചെയ്ത എൻ.സി.പി നേതാവ് ശരത് പവാർ. ബി.ജെ.പിയെ കെട്ടിപ്പെടുക്കുന്നതിൽ ഖഡ്‌സെയ്ക്കുള്ള പങ്ക് വലുതായിരുന്നുവെന്നും ധനകാര്യ മന്ത്രിയായിരുന്ന ഖഡ്‌സെ മികച്ച പ്രതിപക്ഷ നേതാവായിരുന്നുവെന്നും പ്രതികരിച്ചു.
ശിവസേനയും കോൺഗ്രസും എൻ.സി.പിയും അടങ്ങുന്ന മഹാവികാസ് അഘാഡി കുടുംബത്തിലേക്ക് ഖഡ്‌സെയ്ക്ക് സ്വാഗതം.
-ഉദ്ധവ് താക്കറെ, മഹാരാഷ്ട്ര മുഖ്യമന്ത്രി
'ദേവേന്ദ്ര ഫഡ്‌നാവിസ് എന്റെ ജീവിതം നശിപ്പിച്ചു. ഞാൻ നാല് വർഷം മാനസിക പിരിമുറുക്കത്തിലായിരുന്നു. നിങ്ങൾ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുവെന്നു ഞാൻ എന്റെ പ്രസംഗങ്ങളിൽ ആവർത്തിച്ചു പറഞ്ഞു. ബി.ജെ.പിയിൽ നിന്ന് പുറത്തുപോയതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷേ എനിക്ക് മറ്റ് മാർഗമില്ല'
- ഏക്‌നാഥ് ഖഡ്‌സെ