
ന്യൂഡൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇ.പി.എഫ്) പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്കുള്ള മിനിമം പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കാനും, ശമ്പളത്തിന് ആനുപാതികമായി കൂടുതൽ പെൻഷൻ ലഭ്യമാക്കാനും സാമ്പത്തിക പ്രതിസന്ധി തടസമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ.
തൊഴിൽ വകുപ്പ് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയിലാണ് തൊഴിൽ മന്ത്രാലയത്തിലെയും ഇ.പി.എഫ്.ഒയിലെയും ഉദ്യോഗസ്ഥർ സർക്കാർ നിലപാടറിയിച്ചത്. വർഷങ്ങളായി ആരും അവകാശപ്പെടാത്ത 42000 കോടി ഇതിനായി ഉപയോഗിക്കണമെന്ന എം.പിമാരുടെ ആവശ്യത്തിൽ രണ്ടാഴ്ചയ്‌ക്കുള്ളിൽ മറുപടി നൽകാൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
കുറഞ്ഞ പ്രതിമാസ പെൻഷൻ 2000 രൂപയാക്കണമെന്ന ഇ.പി.എഫ്.ഒ വിദഗ്‌ദ്ധ സമിതിയുടെയും, 3000 രൂപയാക്കണമെന്ന പാർലമെന്റ് കമ്മിറ്റിയുടെയും ശുപാർശ ധനമന്ത്രാലയം അനുമതി നൽകാത്തതിനാൽ നടപ്പാക്കാനാവില്ലെന്ന് കമ്മിഷണർ സുനിൽ ഭാരത്‌വാൽ അറിയിച്ചു. മിനിമം പെൻഷൻ ഉയർത്തിയാൽ വർഷം 15,000 കോടിയുടെ ബാദ്ധ്യതയുണ്ടാകുമെന്നാണ്കണക്കുകൂട്ടൽ. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന കേരളഹൈക്കോടതി വിധി, സുപ്രീംകോടതിയിലെ അപ്പീൽ ചൂണ്ടിക്കാട്ടി ഇ.പി.എഫ്.ഒ നടപ്പാക്കിയിട്ടില്ല.
നിലവിലെ ഇ.പി.എഫ് ശമ്പള പരിധി 15,000 രൂപയിൽ നിന്ന് ഉയർത്താനും കഴിയാത്ത സാഹചര്യമാണെന്ന് ഇ.പി.എഫ്.ഒയും തൊഴിൽ മന്ത്രാലയവും വിശദീകരിച്ചു.