nirmala-sitharaman

ന്യൂഡൽഹി: അധികാരത്തിൽ തിരിച്ചെത്തിയാൽ ബീഹാറിൽ എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം വിവാദമായി.

കൊവിഡ് വാക്‌സിൻ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്ന ആദ്യ പാർട്ടിയാണ് ബി.ജെ.പി. വാക്‌സിൻ ലഭ്യമായി വൻ തോതിൽ നിർമ്മാണം ആരംഭിച്ചയുടൻ ബീഹാറിലെ ഓരോ ആൾക്കും സൗജന്യ വാക്‌സിനേഷൻ ലഭിക്കുമെന്ന് പത്രിക പുറത്തിറക്കി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. അതേസമയം വാഗ്ദാനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

ബി.ജെ.പി ഇതര സംസ്ഥാനങ്ങളുടെ കാര്യമെങ്ങനെയാണെന്നും ബി.ജെ.പിക്ക് വോട്ടുചെയ്യാത്ത ഇന്ത്യക്കാർക്ക് സൗജന്യ വാക്‌സിൻ ലഭിക്കില്ലേയെന്നും ആംആദ്മി പാർട്ടി ചോദിച്ചു.

കൊവിഡ് ഭയത്തെ ലജ്ജയില്ലാതെ ദുരുപയോഗം ചെയ്യുകയാണെന്ന് ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു.

അതേസമയം കൊവിഡ് വാക്‌സിൻ ലഭ്യമായാൽ എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യമായി ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനികുമാർ ചൗബെ വിശദീകരിച്ചു. വാക്‌സിൻ ലഭ്യമായാൽ മുൻഗണാനടിസ്ഥാനത്തിൽ വിതരണം ചെയ്യാനുള്ള ബൃഹദ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലും വിമർശനം ശക്തമാണ്.

 പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ

 19 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും

 ബീഹാറിനെ ഐ.ടി, കാർഷിക ഹബ്ബുകളാക്കി മാറ്റും.

 മൂന്നുലക്ഷം അദ്ധ്യാപക നിയമനം

 ഒരുലക്ഷം ജോലി ആരോഗ്യമേഖലയിൽ

 30 ലക്ഷം പേർക്ക് വീട്
 ഒമ്പതാം ക്ളാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ടാബ്

പരിഹസിച്ച് രാഹുൽ കൊവിഡ് വാക്‌സിൻ വിതരണം സംബന്ധിച്ച് കേന്ദ്രസർക്കാർ ഇപ്പോൾ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. വാക്‌സിനും വ്യാജവാഗ്ദാനങ്ങളും എപ്പോൾ ലഭ്യമാകുമെന്നറിയാൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി നോക്കൂവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു.  പൊതുജനാരോഗ്യത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണ്. -ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ  വാക്‌സിൻ രാജ്യത്തിന്റേതാണ്. ബി.ജെ.പിക്ക് അവകാശപ്പെട്ടതല്ല. ബി.ജെ.പി മരണഭീതിയെ വിൽക്കുകയാണ്. - ആർ.ജെ.ഡി