
ന്യൂഡൽഹി: ശത്രു ടാങ്കുകളുടെ ഉരുക്ക് കവചം തകർക്കുന്ന മാരക പ്രഹര ശേഷിയുള്ള നാഗ് മിസൈൽ അവസാന പരീക്ഷണത്തിലും വിജയിച്ചു. ഇതോടെ മിസൈൽ വൈകാതെ സേനയുടെ ഭാഗമാകും. ചൈനീസ് അതിർത്തിയിലായിരിക്കും ആദ്യം വിന്യസിക്കുക എന്ന് സൂചനയുണ്ട്.
1988ൽ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ നേതൃത്വത്തിലാണ് നാഗ് മിസൈൽ വികസിപ്പിക്കാനുള്ള ദൗത്യം തുടങ്ങിയത്. പല കാരണങ്ങളാലും ഇടയ്ക്ക് മുടങ്ങി. 32 വർഷങ്ങൾക്ക് ശേഷമാണ് മിസൈൽ സേനയുടെ ഭാഗമാകുന്നത്.
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ ഗൈഡഡ് മിസൈലായ നാഗിന്റെ കരസേനാ പതിപ്പ് ഇന്നലെ രാജസ്ഥാനിലെ പൊക്രാൻ റേഞ്ചിലാണ് പരീക്ഷിച്ചത്. യഥാർത്ഥ പോർമുന തന്നെ ഉപയോഗിച്ച മിസൈൽ പ്രഹര പരിധിയായ നാലു കിലോമീറ്റർ അകലെ ഡമ്മിയായി വച്ച ടാങ്ക് തകർത്തു. റഷ്യൻ സാങ്കേതിക വിദ്യയിൽ രൂപകല്പന ചെയ്ത വാഹനത്തിൽ (നാഗ് മിസൈൽ കാരിയർ - നാമിക) നിന്നായിരുന്നു വിക്ഷേപണം. ഈ വിജയത്തോടെ നാഗ് മിസൈലും നാമിക വിക്ഷേപണ വാഹനവും നിർമ്മാണ ഘട്ടത്തിലേക്ക് കടക്കും. നാഗ് പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സിലും നാമിക തെലങ്കാനയിലെ മേഡക്കിലുള്ള ഓർഡ്നസ് ഫാക്ടറിയിലും നിർമ്മിക്കും. 300 മിസൈലുകൾക്കും 25 നാമികയ്ക്കും കരസേന ഓർഡർ നൽകിയിട്ടുണ്ട്. നാഗിന് കരയിലും അന്തർ വാഹിനിയിലും ഹെലികോപ്റ്ററിലും പോർവിമാനത്തിലും മനുഷ്യന്റെ ചുമലിലും നിന്ന് വിക്ഷേപിക്കാവുന്ന പതിപ്പുകൾ ഉണ്ട്.
നിലവിൽ ഇസ്രയേലിന്റെ സ്പൈക്ക്, യൂറോപ്പിന്റെ രണ്ടാം തലമുറ മിലൻ 2 -ടി, റഷ്യൻ കൊങ്കൂർ എന്നീ ടാങ്ക് വേധ മിസൈലുകളാണ് സേനയുടെ പക്കലുള്ളത്.
നാഗിന്റെ വിജയത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഡി.ആർ.ഡി.ഒ യെയും കരസേനയെയും അഭിനന്ദിച്ചു.
നാഗ് മിസൈൽ:
രൂപകല്പന: ഡി.ആർ.ഡി.ഒ
നീളം 1.85 മീറ്റർ, വ്യാസം 7.9 ഇഞ്ച്, ഭാരം 43 കിലോഗ്രാം
പോർമുന 8 കിലോഗ്രാം
വേഗത മണിക്കൂറിൽ 828 കിലോമീറ്റർ
ഒരു മിസൈലിന്റെ ചെലവ് 3.2 കോടി രൂപ
രാത്രിയും പകലും വിക്ഷേപിക്കാം
സ്വയം നിയന്ത്രിക്കും (ഫയർ ആൻഡ് ഫോർഗെറ്റ് )
ശത്രു ടാങ്കുകളെ മുകളിൽ നിന്ന് ആക്രമിക്കും
ടാങ്കുകളുടെ കാഠിന്യമേറിയ കവചം തകർക്കും
നാമിക കരയിലും വെള്ളത്തിലും ഉപയോഗിക്കാം