
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 77.50 ലക്ഷവും മരണം 1.17 ലക്ഷവും കടന്നു. അതേസമയം ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുകയാണെന്ന് (7,15,812) കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
ആകെ രോഗികളുടെ 9.29 ശതമാനം മാത്രമാണിത്. പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ മൂന്ന് ദിവസമായി അഞ്ച് ശതമാനത്തിലും താഴെയാണ്. 3.8 ശതമാനം.
ആകെ രോഗമുക്തരുടെ എണ്ണം 69 ലക്ഷത്തിനടുത്തെത്തി. രോഗമുക്തരും രോഗബാധിതരും തമ്മിലുള്ള അന്തരം 61,58,706 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,415 പേർ രോഗമുക്തരായി. പുതുതായി രോഗം സ്ഥിരീകരിച്ചത് 55,839 പേർക്ക് മാത്രമാണ്. ദേശീയ രോഗമുക്തി നിരക്ക് 89.20 ശതമാനം. മഹാരാഷ്ട്രയിലും കേരളത്തിലും 8,000 ത്തിലധികം പേരും കർണാടകത്തിൽ 5,000 ത്തിലധികം പേരും രോഗബാധിതരായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 702മരണം. ഇതിൽ 25 ശതമാനത്തിലധികം മഹാരാഷ്ട്രയിലാണ്.
'കൊവാക്‌സിൻ ' മൂന്നാംഘട്ട പരീക്ഷണം
ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെകിന്റെ കൊവിഡ് വാക്‌സിനായ 'കൊവാക്‌സിൻ ' മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചു. അടുത്തമാസം അന്തിമ പരീക്ഷണം തുടങ്ങും. ഡൽഹി, യു.പി, ബീഹാർ, മഹാരാഷ്ട്ര, പഞ്ചാബ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലായി 25000ത്തിലധികം പേരിലാണ് പരീക്ഷിക്കുക. ഫെബ്രുവരിയോടെ അന്തിമ ഫലമറിയാം. ആദ്യ ഘട്ട പരീക്ഷണങ്ങളുടെ ഫലം തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. ചിലരിൽ മാത്രമാണ് നേരിയ തോതിൽ പാർശ്വഫലമുണ്ടായത്. ഐ.സി.എം.ആറുമായി ചേർന്നാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് കൊവാക്‌സിൻ വികസിപ്പിച്ചത്.