
ന്യൂഡൽഹി: വ്യവസായ തൊഴിലാളികളുടെ ക്ഷാമബത്ത കണക്കാക്കാനുള്ള ഉപഭോക്‌തൃ വിലസൂചിക പരിഷ്‌കരിച്ചു. 2001 ന് പകരം 2016 അടിസ്ഥാന വർഷമാക്കിയ പുതിയ വിലസൂചിക കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗംഗ്‌വാർ ഇന്നലെ പുറത്തിറക്കി.
ഉപഭോക്തൃ താത്പര്യങ്ങൾ മാറിയത് പരിഗണിച്ച് ഭക്ഷ്യ,പാനീയ ഉപഭോഗ ചെലവിന്റെ 46.2 % വെയിറ്റേജ് 39.17 ശതമാനമാക്കി കുറച്ചു. ആരോഗ്യം, വിദ്യാഭ്യാസം, സേവനങ്ങൾ, ഗതാഗതം, ഗൃഹോപകരണങ്ങൾ, വിനോദം, ആശയവിനിമയം, എന്നിവയുടെ വെയിറ്റേജ് 23 ൽ നിന്ന് 30 ശതമാനമായി ഉയർത്തി. ഭവനനിർമ്മാണ മേഖലയ്‌ക്കുള്ള ഇൻഡക്‌സിലും നേരിയ വർദ്ധന വരുത്തി. ഇതു പ്രകാരം 2020 സെപ്തംബറിലെ വിലസൂചികയും മന്ത്രി പുറത്തിറക്കി. ഇതിൽ ഉയർന്നു നിൽക്കുന്നത് പാൻ, സുപാരി തുടങ്ങിയ പുകയില ഉൽപന്നങ്ങളാണ്.(വില സൂചിക132)
സർക്കാർ ജീവനക്കാരുടെയും പൊതുമേഖല, ബാങ്ക്, ഇൻഷ്വറസ് സ്ഥാപനങ്ങൾ അടക്കം വ്യവസായ സംഘടിത മേഖലയിലെ ജോലിക്കാരുടെ ക്ഷാമബത്ത, മിനിമം വേതനം, പണപ്പെരുപ്പം തുടങ്ങിയവ കണക്കാക്കാനും വില സൂചിക അടിസ്ഥാനമാക്കാറുണ്ട്. പത്തു വർഷത്തിനിടെ ഉപഭോഗ നിലവാരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സൂചികയിൽ പ്രതിഫലിക്കുക. ഇനി അഞ്ചു വർഷം കൂടുമ്പോൾ സൂചിക പരിഷ്‌കരിക്കുമെന്ന് മന്ത്രി അറിയിച്ചു. 1982ലെ സൂചികയാണ് 2001 അടിസ്ഥാനമാക്കി പുതുക്കിയത്.
2016ലെ സൂചിക തയ്യാറാക്കാൻ 28 സംസ്ഥാനങ്ങളിലെ 88 കേന്ദ്രങ്ങളിലെ 48,384 കുടുംബങ്ങളിൽ സർവേ നടത്തി
വിലസൂചിക കണക്കാക്കിയത് 317 മാർക്കറ്റുകളെ അടിസ്ഥാനമാക്കി.