
ന്യൂഡൽഹി: ലഡാക്കിന്റെ തലസ്ഥാനമായ ലേ ട്വിറ്ററിന്റെ ലൊക്കേഷൻ സെറ്റിംഗിൽ ചൈനയുടെ ഭാഗമായി കാണിച്ചതിനെതിരെ പരാതിയുമായി ഇന്ത്യ രംഗത്ത്. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ലേ ലഡാക് ലൊക്കേഷൻ സെറ്റിംഗിൽ ചൈനയിലാണെന്ന് കാണിച്ചത് ഗുരുതരമായ പിഴവാണെന്ന് ഐ.ടി സെക്രട്ടറി അജയ് സോനെ ട്വിറ്റർ മേധാവി ജാക്ക് ഡോർസിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭൂപടം സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായി ചിത്രീകരിക്കുന്ന, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും എതിരായ നടപടികളെ അംഗീകരിക്കാൻ കഴിയില്ലെന്ന് കത്തിൽ പറയുന്നു. രാജ്യത്തെ പൗരൻമാരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം നടപടികൾ ട്വിറ്ററിന്റെ നിക്ഷ്‌പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും ഐടി സെക്രട്ടറി വ്യക്തമാക്കി.