boy

കഴിഞ്ഞ മാർച്ചിൽ നമ്മുടെ രാജ്യത്തെ സ്‌കൂളുകൾ അടച്ചതാണ്. ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കൊവിഡാണ് സ്‌കൂളുകൾക്കും താഴിട്ടത്. എന്നാൽ കൊവിഡിനൊപ്പം ജീവിക്കാൻ തയാറെടുത്ത നമ്മൾ, നമ്മുടെ കുട്ടികളെ വീടുകൾക്ക് ഉള്ളിലിരുന്ന് തന്നെ 'ന്യൂ നോർമൽ' രീതികളിലൂടെ സ്‌കൂളിനുള്ളിൽ എത്തിച്ചു. ഓൺലൈൻ ക്ലാസും വീഡിയോ ഡിസ്‌കഷനും വിർച്വൽ ക്ലാസ് റൂമും ഒക്കെയായി രാജ്യത്തെ പകുതി കുട്ടികളും ഒഴിവില്ലാതെ ഓൺലൈനിലാണ്. എന്നാൽ 32 ദശലക്ഷം പേർ കൊവിഡിന് മുൻപും പിൻപും അവർ ഒഫ് ലൈനിൽ തന്നെ തുടരുന്നു!

വിദ്യാഭ്യാസം മൗലികാവകാശമായ, പൊതുവിദ്യാഭ്യാസം സൗജന്യമായ ഈ രാജ്യത്തോ? എന്ന് ചിന്തിച്ച് നെറ്റി ചുളിക്കേണ്ട ! സ്‌കൂളുകളും അക്ഷരങ്ങളും അന്യമായ ആ കുട്ടികൾ ജീവിക്കുന്നത് ഇതേ ഡിജിറ്റൽ ഇന്ത്യയിലാണ്. സ്‌കൂളുകൾക്ക് പുറത്തായിപ്പോയ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങൾ! വിദ്യാലയം അന്യമായിപ്പോയ ലക്ഷക്കണക്കിന് ബാല്യങ്ങൾ ഇന്ത്യൻ തെരുവുകളിൽ അസ്തമിച്ചു പോകുന്നുണ്ട്.

ആ 32 ദശലക്ഷം പേർക്കായി !

പഠന നിലവാരം ഉയർത്തുക, വിജയശതമാനമുണ്ടാക്കുക, പുതിയ വിദ്യാഭ്യാസ നയത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കുക തുടങ്ങിയ ചർച്ചകൾ ഒരു വശത്ത് പുരോഗമിക്കുമ്പോൾ, സ്‌കൂളിന്റെ പടിചവിട്ടാൻ ഗതിയില്ലാതെ ദാരിദ്ര്യത്തിൽ പിടയ്‌ക്കുന്ന ബാല്യങ്ങളെ സ്‌കൂളിലെത്തിക്കാൻ രാജ്യത്ത് കാര്യമായ നടപടികളുണ്ടാകുന്നില്ലെന്നതാണ് വാസ്തവം. ഉച്ചക്കഞ്ഞിയും സ്‌കോളർഷിപ്പുകളും സംവരണവുമൊന്നും കുട്ടികളെ സ്‌കൂളിലെത്തിക്കുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് സ്‌കൂളിൽ പോകാത്ത 32 ദശലക്ഷം കുട്ടികൾ രാജ്യത്തുണ്ടെന്ന ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ട്. അവരിൽ 90 ശതമാനവും സാമ്പത്തികം, സാമുദായം, 'പെണ്ണ് ' എന്നീ കാരണങ്ങളാൽ സ്‌കൂൾ അന്യമായവരാണ്.

മാറിമാറി വരുന്ന സർക്കാരുകൾക്കൊന്നും ഈ കുട്ടികളെ സ്‌കൂളിലെത്തിക്കാൻ കഴിയുന്നില്ല. പട്ടിണിയുടെ ചേരികളിൽ മതവും രാഷ്ട്രീയവും എത്തിക്കാൻ സംഘടനകളുണ്ടെങ്കിലും അക്ഷരങ്ങളെത്തിക്കാൻ അവരാരും തയ്യാറാകാറില്ല. അതുതന്നെയാണ് ഈ കുട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളിയും.

മാനം കറുത്താൽ ലോംഗ് ബെല്ലടിച്ച് ക്ലാസ് നിറുത്തുന്ന, കാറ്റടിച്ചാൽ മേൽക്കൂര പറക്കുന്ന, അങ്ങനെ ദാരിദ്ര്യത്തിന്റെ കഥകൾ മാത്രം പഠിപ്പിക്കുന്ന സ്‌കൂളുകളെക്കുറിച്ചുള്ള സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. അതു തന്നെയാണ് രാജ്യത്തെ ഭൂരിപക്ഷം സർക്കാർ സ്‌കൂളുകളുടെയും ഇന്നത്തെ അവസ്ഥ.

പൊട്ടിപ്പൊളിയാത്ത ക്ലാസ് റൂമുകൾ, മികച്ച അദ്ധ്യാപകർ, ക്ലാസ് മുറികൾ നൽകുന്ന സമത്വം, പാഠപുസ്തകങ്ങൾ, നല്ല വസ്ത്രങ്ങൾ, ശാന്തമായ കുടുംബാന്തരീക്ഷം ഇവയിൽ കുറച്ച് കാര്യങ്ങളെങ്കിലും അനുകൂലമാകണം ഓരോ ബാല്യവും ആരോഗ്യകരമായി വിദ്യാഭ്യാസം പൂർത്തിയാക്കാൻ. 2019ൽ സ്‌കൂൾ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ എട്ട്‌ കോടി കുട്ടികൾ ഒന്നാംക്ലാസ് പ്രവേശനം നേടാതെ പോയെന്ന്‌ കേന്ദ്രസർക്കാർ തന്നെ സമ്മതിച്ചതാണ്. എന്നാൽ അവരെങ്ങോട്ട്‌ പോയെന്നതിന് ഉത്തരമില്ല. ആരും അന്വേഷിച്ച് പോയതുമില്ല.

ഞങ്ങൾ ജോലിത്തിരക്കിലാണ്

2011ലെ ദേശീയ സെൻസസ് പ്രകാരം രാജ്യത്തെ 84 ദശലക്ഷം കുട്ടികൾ സ്‌കൂളിൽ പോകുന്നില്ല. അതിൽ 7.8 ദശലക്ഷം കുട്ടികൾ പട്ടിണിയിൽ നിന്ന് കരകയറാൻ ജോലി ചെയ്യുകയാണ്. ബാലവേല നിരോധിച്ച രാജ്യത്തോ? എന്ന് സംശയിക്കുന്നവർ ഉത്തരേന്ത്യയിലേക്ക് ഒരു യാത്ര നടത്തണം. ആ കുഞ്ഞുങ്ങളെ കണ്ടുപിടിക്കാൻ രഹസ്യ സങ്കേതങ്ങൾ അന്വേഷിച്ച് കഷ്ടപ്പെടെണ്ട. തങ്ങളുടെ കു‌ഞ്ഞുകൈകളിൽ ഒതുങ്ങുന്ന ചെറിയ ചെറിയ സാധനങ്ങൾ വിറ്റും കാറ് തുടച്ചും ഭിക്ഷ യാചിച്ചും പാത്രം കഴുകിയുമൊക്കെ തെരുവിൽ, സിഗ്‌നൽ പോയിന്റുകളിൽ , വലിയ കമ്പോളങ്ങളിൽ അവരുണ്ട്. തമിഴ്‌നാട്ടിലേയും ആന്ധ്രാപ്രദേശിലേയുമൊക്കെ ഇഷ്ടികക്കളങ്ങളും പടക്ക കമ്പനികളും പാറ ക്വാറികളിലും അവരുണ്ട്. ജോലിക്കായി ഇറങ്ങിയവരിൽ 57 ശതമാനവും ആൺകുട്ടികളാണ്. 43 ശതമാനം പെൺകുഞ്ഞുങ്ങളും. ആറ് വയസുകാർ അടക്കം ഇതിൽപ്പെടുന്നു. സാമ്പത്തികം തന്നെ പ്രശ്നം.

ജാതീയമായ അന്തരങ്ങളിൽ പിൻബെഞ്ചിലേക്കും തുടർന്ന് സ്കൂളിന് പുറത്തേക്കും ഒതുക്കപ്പെടുന്ന കുട്ടികൾ ഏറെയാണ്. ജാതിയുടെ പേരിൽ ഇന്ത്യയിൽ ദളിതർ അനുഭവിക്കുന്ന പീഡനങ്ങൾ പോലെ കടുത്ത പാതകങ്ങൾ ലോകത്തെവിടെയുമില്ല. ഈ വൃത്തികെട്ട ജാതിവ്യവസ്ഥ തകർക്കാൻ രാഷ്ട്രീയ അധികാരം കൂടിയേ തീരൂ എന്ന് അംബേദ്കർ പ്രഖ്യാപിച്ചത് വെറുതെയല്ല. സവർണരായ നാലുപേർ ചേർന്ന് ഹാഥ്‌രസിൽ അടുത്തിടെ നടത്തിയ ബലാത്സംഗവും തുടർന്ന് പുറത്തേക്കെത്തിയ ജാതിവെറി കഥകളും നമ്മൾ പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്നതിന് വ്യക്തമായ തെളിവുകളാണ്. ഒരു ഗ്രാമത്തിൽ ഓരോ ജാതിക്കാർക്കായി ഓരോ അമ്പലങ്ങളുള്ളപ്പോൾ എങ്ങനെ പല ജാതിയിൽപ്പെട്ടവർ ഒരുമിച്ച് ഒരു ക്ലാസിലിരുന്ന് പഠിക്കുമെന്നാണ് ഹാഥ് രസിൽ ഉയർന്ന്‌ കേട്ടൊരു ജാതിവിവേചന മുദ്രാവാക്യം തന്നെ.

അത്തരത്തിൽ ക്ലാസ് മുറിക്ക് പുറത്തേക്ക് എറിയപ്പെടുന്ന ബാല്യങ്ങളെ ചേർത്ത് പിടിക്കാൻ ഡൽഹിയിലെ രജിത്‌ ജോണിനെപ്പോലെയും ചിൽഡ്രൻ ഡവലപ്‌മെന്റ് ഖസാനയും (സി.ഡി.കെ.) പോലെയും ആയിരത്തോളം സന്നദ്ധപ്രവർത്തകർ മുന്നിട്ടിറങ്ങുന്നുവെന്നത് പ്രശംസനീയമാണ്.

കേരളമൊരു മാതൃക

പല കാര്യത്തിലെന്ന പോലെ നമ്മുടെ കുട്ടികളെ സ്‌കൂളിലെത്തിക്കാനായുള്ള കരുതലിൽകേരളം മാതൃക തന്നെയാണ്. പ്രവേശനോത്സവവും പ്രോത്സാഹനവുമൊക്കെയായി നമ്മുടെ പൊതുവിദ്യാദ്യാലയങ്ങൾ കുരുന്നുകൾക്ക് അക്ഷരദീപം പകർന്നു നൽകുന്നു. രാജ്യതലസ്ഥാനമായ ഡൽഹിക്ക് പോലുമുണ്ട് സ്‌കൂളിൽ പോകാതെ 13 ലക്ഷത്തോളം കുട്ടികൾ .

സ്‌കൂൾ വിദ്യാഭ്യാസം അന്യമാകാൻ സാദ്ധ്യതയുള്ള ഉൾകാടുകളിലെ ആദിവാസി സെറ്റിൽമെന്റുകളിൽ പോലും സന്നദ്ധ പ്രവർത്തകരെങ്കിലും കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ കാടുകയറി എത്താറുണ്ട്. മാറിവരുന്ന ഭരണകർത്താക്കൾ പൊതുവിദ്യാലയങ്ങളെ മെച്ചപ്പെട്ടവയായി മാറ്റുന്നുമുണ്ട്.

പുത്തനുടുപ്പും പുതിയ ബുക്കും

പുത്തനാംസ് ലേറ്റുമായ് നില്‌കുവോനെ,

കൈപിടിച്ചിന്ന് നീ കൊണ്ടു പോരും

ശോഭന വിദ്യാവിലാസിനിയെ


ഇടശ്ശേരിയുടെ പള്ളിക്കൂടത്തിലേക്ക് വീണ്ടുമെന്ന കവിതയിലെ വരികളാണിവ. ഒഫ് ലൈനായി പുറത്ത് നിൽക്കുന്ന നമ്മുടെ രാജ്യത്തെ കുരുന്നുകളിലേക്കും അക്ഷരം വെളിച്ചമായെത്തട്ടെ ! ഓരോ കുട്ടിയും വിദ്യാഭ്യാസത്തിലൂടെ അവനവനെ കണ്ടെത്തട്ടെ, നാളെ എന്തായി തീരണമെന്ന് അവർ സ്വയം തീരുമാനിക്കട്ടെ!