
ന്യൂഡൽഹി: അടുത്തമാസം മൂന്നിന് മദ്ധ്യപ്രദേശിൽ 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചാരണ റാലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ. തിരഞ്ഞെടുപ്പ് പ്രക്രിയയിലും കമ്മിഷന്റെ അധികാര പരിധിയിലും കോടതി കൈ കടത്തുന്നുവെന്ന് ആരോപിച്ചാണിത്. ഉത്തരവ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുമെന്നും സ്ഥാനാർത്ഥികളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്നും കമ്മിഷൻ വാദിക്കുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമ്പത് ജില്ലകളിൽ റാലികൾ നിയന്ത്രിക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ രണ്ട് ബി.ജെ.പി സ്ഥാനാർത്ഥികളും ഹർജി നൽകിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മദ്ധ്യപ്രദേശ് സർക്കാരും തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതിയെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ, ഈ തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് ശിവരാജ് സിംഗ്ചൗഹാൻ പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി റാലികളും പൊതുപരിപാടികളും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്യാനാണ് ഹൈക്കോടതി നിർദേശം. 100 പേരിൽ കൂടുതലുള്ള ഒരു പൊതു പരിപാടികൾക്ക് സംസ്ഥാനത്ത് യാതൊരു സാഹചര്യത്തിലും അനുമതി നൽകരുതെന്ന് ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പങ്കെടുക്കേണ്ടിയിരുന്ന റാലികളും പൊതുസമ്മേളനങ്ങളും റദ്ദാക്കിയിരുന്നു. വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചിരുന്നു.