
ന്യൂഡൽഹി: പാർലമെന്റിന്റെ പരിഗണനയിലുള്ള പേഴ്സണൽ ഡാറ്റാ സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ ഹാജരാകില്ലെന്ന് ഇ- കൊമേഴ്‌സ് വ്യാപാര സ്ഥാപനമായ ആമസോൺ അറിയിച്ചു. കമ്പനിയുടെ പ്രതിനിധികൾ വന്നില്ലെങ്കിൽ നടപടിയെടുക്കുമെന്ന് അദ്ധ്യക്ഷ മീനാക്ഷി ലേഖി പറഞ്ഞു. അതേസമയം ഇന്നലെ ഫേസ്ബുക്ക് പ്രതിനിധിയിൽ നിന്ന് കമ്മിറ്റി മൊഴിയെടുത്തു.
തങ്ങളുടെ വിദഗ്‌ദ്ധർ വിദേശത്താണെന്നും കൊവിഡ് കാലമായതിനാൽ എത്താനാകില്ലെന്നുമാണ് ആമസോണിന്റെ വിദശദീകരണം. ഒക്ടോബർ 28ന് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാനാണ് ആമസോണിന് നിർദ്ദേശം നൽകിയിരുന്നത്. വ്യക്തി വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടി കോൺഗ്രസ് ഉയർത്തിയ ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക്, ട്വിറ്റർ, ആമസോൺ, ഗൂഗിൾ, പേടിഎം തുടങ്ങിയ കമ്പനികളിൽ നിന്ന് തെളിവെടുപ്പ് നടത്താൻ മീനാക്ഷി ലേഖി അദ്ധ്യക്ഷയായ സംയുക്ത പാർലമെന്റി കമ്മിറ്റി തീരുമാനിച്ചത്.
ഇന്നലെ നടന്ന സിറ്റിംഗിൽ ഫേസ്ബുക്ക് പബ്ളിക് പോളിസി ഡയറക്‌ടർ അങ്കി ദാസ് കമ്പനിയുടെ പ്രവർത്തന രീതികൾ വിവരിച്ചു. രണ്ടുമണിക്കൂർ അദ്ദേഹത്തെ വിസ്‌തരിച്ചു. ഒക്ടോബർ 28ന് ട്വിറ്ററിനും 29ന് ഗൂഗിൾ, പേടിഎം കമ്പനികൾക്കും ഹാജരാകാൻ ലോക്‌സഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞവർഷമാണ് കേന്ദ്ര ഐ.ടി മന്ത്രി രവി ശങ്കർ പ്രസാദ് പാർലമെന്റിൽ പേഴ്സണൽ ഡാറ്റാ സംരക്ഷണ ബിൽ അവതരിപ്പിച്ചത്.