modi-rahul

പാട്‌ന /ന്യൂഡൽഹി: ബീഹാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും റാലികളിലൂടെ നേർക്കുനേർ വന്നതോടെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് നാലു ദിനം ശേഷിക്കെ പ്രചാരണരംഗത്ത് ചൂടേറി.

പ്രധാനമന്ത്രി മോദി ഇന്നലെ ദെഹ്‌രി ഓൺ സോണെ, ഗയ, ഭാഗൽപൂർ എന്നിവിടങ്ങളിലും രാഹുൽ ഗാന്ധി നവാദയിലും കഹൽഗാവിലുമാണ് റാലികളിൽ പങ്കെടുത്തത്.

നരേന്ദ്ര മോദി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും രാഹുൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പവുമാണ് റാലികളിൽ പങ്കെടുത്തത്.

 ബീഹാറിനെ രോഗാതുരമാക്കിയവരെ ജയിപ്പിക്കരുത്: മോദി

ബീഹാറിനെ രോഗാതുരമാക്കിയ ചരിത്രമുള്ളവരെ മടങ്ങിവരാൻ അനുവദിക്കരുതെന്നും ബി.ജെ.പി -ജെ.ഡി.യു ഇരട്ട എൻജിൻ സംസ്ഥാനത്തെ കൂടുതൽ ഉയർത്തുമെന്നും മോദി പറഞ്ഞു.

'കേന്ദ്രത്തിൽ യു.പി.എ ഭരിച്ച പത്തുവർഷം മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഒന്നും ചെയ്യാൻ അനുവദിക്കാതെ ചങ്ങലക്കിട്ടു.

15 വർഷം ഭരിച്ച് പിന്നാക്കാവസ്ഥത്തിലെത്തിച്ചവർ എൻ.ഡി.എ സർക്കാർ ബീഹാറിൽ വരുത്തിയ വികസനം കണ്ട് അസൂയക്കണ്ണുകളോടെ വീണ്ടും വന്നിരിക്കുകയാണ്. അവർ ബീഹാറികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. ക്രമസമാധാനമില്ലാതെ അഴിമതി വിളയാടിയ പഴയ ബീഹാറിനെ തിരികെ കൊണ്ടുവരാൻ അനുവദിക്കരുത്.

ജമ്മുകാശ്‌മീരിലെ 370-ാം വകുപ്പ് തിരിച്ചുകൊണ്ടുവരുമെന്ന് പറയുന്ന പ്രതിപക്ഷം പുൽവാമാ ആക്രമണത്തിലും അതിർത്തി കാക്കുന്നതിനിടയിലും വീരമൃത്യു വരിച്ച ബീഹാറിലെ ജവാൻമാരോട് അനീതിയാണ് കാട്ടുന്നതെന്നും വോട്ടു ചോദിക്കാൻ അർഹതയില്ലെന്നും മോദി പറഞ്ഞു.

ബീഹാറിന് ഇനി റാന്തലിന്റെ ആവശ്യമില്ലെന്ന് ഗയയിലെ റാലിയിൽ മോദി പറഞ്ഞു. (ആർ.ജെ.ഡിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് റാന്തൽ). ധനികർക്ക് മാത്രം ലഭിച്ചിരുന്ന വൈദ്യുതി എൻ.ഡി.എ സർക്കാരിന്റെ സഹായത്തോടെ പാവപ്പെട്ട വീടുകളിലുമെത്തി. എൻ.ഡി.എ സർക്കാർ നക്‌സലിസം നിയന്ത്രിച്ചു. എൻ.ഡി.എയെ എതിർക്കുന്നവർ വികസന വിരോധികളാണെന്നും" വൈകിട്ട് ഭാഗൽപൂരിൽ നടന്ന റാലിയിൽ അദ്ദേഹം പറഞ്ഞു.

28ന് ദർബംഗയിലും മുസാഫർപൂരിലും പാട്‌നയിലും മോദി റാലികളിൽ പങ്കെടുക്കും.

 പ്രധാനമന്ത്രിയെ ആക്രമിച്ച് രാഹുൽ

മുന്നറിയിപ്പില്ലാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ബീഹാറിൽ നിന്നുള്ള തൊഴിലാളികളെ പ്രധാനമന്ത്രി നരേന്ദ്രമോദി കഷ്‌ടപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി നവാദയിലെ റാലിയിൽ പറഞ്ഞു.

ലോക്ക്ഡൗൺ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ തൊഴിലാളികൾക്ക് ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി ബുദ്ധിമുട്ടി സ്വദേശത്തേക്ക് മടങ്ങേണ്ടി വരില്ലായിരുന്നു. കൈയിൽ പണമില്ലാതെ വെറുംവയറ്റിൽ നടത്തിച്ചതിന് മോദിയോട് ജനം കണക്കു തീർക്കും. കർഷക ബില്ലുകൾ മൂലം ആയിരക്കണക്കിന് കർഷകർക്ക് പണിയില്ലാതാകും. ബീഹാറികൾക്ക് ജോലി നൽകുമോ എന്ന് മോദി പറയണം. രണ്ടുകോടിപ്പേർക്ക് ജോലി നൽകുമെന്ന കഴിഞ്ഞ തിരഞ്ഞെടുപ്പ് വാഗ്ദാനം പാഴായി. കർഷകർക്കും തൊഴിലാളികൾക്കും സൈനികർക്കും മുന്നിൽ തലകുനിക്കുന്നുവെന്ന് പറഞ്ഞ ശേഷം വീട്ടിൽ പോയി അംബാനിക്കും അദാനിക്കും വേണ്ടി പണിയെടുക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.

ചൈനീസ് പട്ടാളം ഇന്ത്യൻ പ്രദേശത്ത് കടന്നു കയറിയില്ലെന്ന് കള്ളം പറഞ്ഞ് ഇന്ത്യൻ സൈനികരെ അപമാനിച്ചയാളാണ് പ്രധാനമന്ത്രി. അവരെ ഇന്ത്യൻ മണ്ണിൽനിന്ന് എപ്പോൾ പുറത്താക്കുമെന്നെങ്കിലും പറയാൻ പ്രധാനമന്ത്രി തയ്യാറാകണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന് ബീഹാറിലെ മില്ലുകൾ അടച്ച് ജനങ്ങൾക്ക് ജോലിയില്ലാതാക്കിയെന്നും രാഹുൽ പറഞ്ഞു.

 നവംബർ 9ന് ലാലു പുറത്തിറങ്ങുമെന്ന് തേജസ്വി

കാലിത്തീറ്റ അഴിമതി കേസിൽ തടവിൽ കഴിയുന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് തന്റെ ജന്മദിനമായ നവംബർ 9ന് ജാമ്യത്തിൽ പുറത്തിറങ്ങുമെന്ന് മകൻ തേജസ്വി യാദവ് നവാദയിലെ റാലിയിൽ പ്രഖ്യാപിച്ചു. അടുത്ത ദിവസം നിതീഷ് കുമാറിന് ജനം യാത്രഅയപ്പ് നൽകുമെന്നും തേജസ്വി പറഞ്ഞു.