
ന്യൂഡൽഹി: റഷ്യയുടെ സ്‌പുട്‌നിക് അഞ്ച് കൊവിഡ് വാക്‌സിൻ ഇന്ത്യയിലെ 100 വോളണ്ടിയർമാരിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ അനുമതി നൽകി. ഡോക്ടർ റെഡീസ് ലബോറട്ടറിയാണ് പരീക്ഷണം നടത്തുക.
നിലവിൽ സ്പുട്‌നിക് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 100 പേരിലും മൂന്നാം ഘട്ടത്തിൽ 1,400 പേരിലുമാണ് പരീക്ഷണം നടത്തുക. രണ്ടാം ഘട്ട പരീക്ഷണങ്ങൾക്ക് ശേഷം വാക്‌സിൻ സുരക്ഷിതമാണെന്ന് കണ്ടെത്തിയാൽ ഉടൻ തന്നെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയ്ക്ക് വാക്‌സിന്റെ 100 മില്യൺ ഡോസുകൾ നൽകുമെന്ന് നേരത്തെ റഷ്യ അറിയിച്ചിരുന്നു.
കൊവാക്‌സിൻ 28,500 പേരിൽ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് ഡി.സി.ജി.എ കഴിഞ്ഞ ദിവസം അനുമതി നൽകി.മൂന്നാം ഘട്ടത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ള 28,500 ആളുകളിൽ വാക്‌സിൻ പരീക്ഷണം നടത്തുമെന്നാണ് അറിയുന്നത്.
ഭാരത് ബയോടെക്ക് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചുമായി ( ഐ.സി.എം.ആർ.) സഹകരിച്ചാണ് കൊവാക്‌സിൻ വികസിപ്പിക്കുന്നത്
10 സംസ്ഥാനങ്ങളിലായി ഡൽഹി, മുംബൈ, പട്‌ന, ലക്‌നൗ ഉൾപ്പെടെ 19 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതിന്റെ പഠന റിപ്പോർട്ട് ഉൾപ്പെടെയാണ് ഭാരത് ബയോടെക് അപേക്ഷ നൽകിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയും ഭാരത് ബയോടെക്കുമായി വാക്‌സിൻ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ഭാരത് ബയോടെക്.