bjp-aganist-congress

ന്യൂഡൽഹി: ജമാഅത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട് എന്നീ തീവ്ര മതസംഘടനകളുമായി കോൺഗ്രസിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി.

മതനിരപേക്ഷ പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് മത മൗലികവാദം സ്‌പോൺസർ ചെയ്യുകയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോൺഗ്രസ് മതനിരപേക്ഷ നിലപാട് അടിയറവയ്ക്കുന്നുവെന്നും ബി.ജെ.പി നേതാവും കേന്ദ്രന്യൂനപക്ഷ മന്ത്രിയുമായ മുക്താർ അബ്ബാസ് നഖ്‌വി ആരോപിച്ചു.

തദ്ദേശതിരഞ്ഞെടുപ്പിൽ കേരളത്തിൽ വെൽഫയർ പാർട്ടിയുമായി യു.ഡി.എഫ് ധാരണയുണ്ടാക്കിയെന്ന വിവാദം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണിത്.
'വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുമ്പോൾ കോൺഗ്രസ് പതാകയെക്കാൾ ജമാഅത്തെ ഇസ്ലാമിയുടെ പതാക കൂടുതൽ കണ്ട് രാജ്യം അമ്പരന്നിരുന്നു. ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് എന്നിവയിലൂടെ കോൺഗ്രസ് തീവ്രനിലപാടുകൾ പ്രോത്സാഹിപ്പിക്കുകയാണ്. മൗലികവാദികളെ സംരക്ഷിക്കാൻ കോൺഗ്രസും ഇടതുപക്ഷവും മത്സരിക്കുകയാണെന്നും ദേശസുരക്ഷയിൽ അവർക്ക് ഉത്കണ്ഠയില്ലെന്നും" നഖ്‌വി പറഞ്ഞു.

ബീഹാറിൽ കോൺഗ്രസിനൊപ്പം ചേർന്ന് ആർ.ജെ.ഡി തീവ്ര സംഘടനകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ടോയെന്ന് തേജസ്വി യാദവും വ്യക്തമാക്കണം. മഹാരാഷ്ട്രയിൽ കോൺഗ്രസ് സഖ്യകക്ഷിയായ ശിവസേനയും നിലപാട് പറയണം. ഇത് രാഷ്ട്രീയമല്ല, ദേശസുരക്ഷയുടെ ചോദ്യമാണെന്നും നഖ്‌വി കൂട്ടിച്ചേർത്തു. ദേശീയവക്താവ് ടോം വടക്കനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുമായി തിരഞ്ഞെടുപ്പ് ധാരണയ്ക്ക് ചർച്ച നടത്തുന്നതായി കേന്ദ്രമന്ത്രി വി.മുരളീധരനും കഴിഞ്ഞദിവസം വിമർശിച്ചിരുന്നു.