mohan-bhagavat

ന്യൂഡൽഹി: സൈനിക, സാമ്പത്തിക ശക്തിയിലും സഖ്യസാദ്ധ്യതകളിലും ഇന്ത്യ ചൈനയേക്കാൾ കരുത്തരായിരിക്കണമെന്ന് ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത് പറഞ്ഞു. കടന്നുകയറ്റ ശ്രമത്തിന് ഇന്ത്യ നൽകിയ മറുപടിയിൽ ചൈന ഞെട്ടിയിരിക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും ലഡാക്കിലെ ചൈനീസ് അതിക്രമങ്ങളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

വിജയദശമിയോടനുബന്ധിച്ച് ആർ.എസ്.എസ് വാർഷിക റാലിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

മഹാമാരിക്കിടെയാണ് ചൈന നമ്മുടെ അതിർത്തികൾ ലംഘിച്ചത്. നമ്മുടെ സേനയും കേന്ദ്രസർക്കാരും ജനങ്ങളും കടുത്ത തിരിച്ചടി നൽകി. അവർ ഇനി എങ്ങനെ പ്രതികരിക്കുകമെന്ന് വ്യക്തമല്ല. അതിനാൽ ജാഗ്രതയോടെ തയ്യാറായി ഇരിക്കണം. സൈനിക തയ്യാറെടുപ്പിലും സാമ്പത്തിക സ്ഥിതിയിലും അന്താരാഷ്ട്ര, അയൽബന്ധങ്ങളിലും നാം ചൈനയേക്കാൾ കരുത്തരായിരിക്കണം.

ചൈനയുടെ അതിർത്തി വിപുലീകരണ സ്വഭാവത്തെക്കുറിച്ച് ലോകത്തിന് അറിയാം. തയ്‌വാനും വിയ്റ്റ്‌നാമും ഉദാഹരണമാണ്. അമേരിക്കയുമായും ജപ്പാനുമായും അവർ സംഘർഷത്തിലാണ്.
എല്ലാവരോടും സൗഹൃദമാണ് നമ്മുടെ പ്രകൃതം. അത് ബലഹീനതയായി തെറ്റിദ്ധരിച്ച് ബലപ്രയോഗത്തിലൂടെ ഇന്ത്യയെ ശിഥിലമാക്കാനുള്ള നീക്കം അനുവദിക്കില്ല. നമ്മുടെ ശത്രുക്കൾക്ക് അത് മനസിലായി. സൈനികമായും സാമ്പത്തികമായും വളരുകയും നമ്മുടെ അയൽക്കാരുമായും അന്താരാഷ്ട്രതലത്തിലും സഹകരണമുണ്ടാക്കുകയുമാണ് ചൈനയുടെ അതിർത്തി വിപുലീകരണ ലക്ഷ്യങ്ങളെ നിർവീര്യമാക്കാനുള്ള പോംവഴി.

പൗരത്വനിയമഭേദഗതി ഒരു മതവിഭാഗത്തെ ഉദ്ദേശിച്ചല്ല. ചിലർ നമ്മുടെ മുസ്ലിം സഹോദരന്മാരെ തെറ്റിദ്ധരിപ്പിച്ചു. അയോദ്ധ്യ വിധിയും ആർട്ടിക്കിൾ 370 റദ്ദാക്കലും രാജ്യം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

മോഹൻ ഭാഗവതിന് ഭയമെന്ന് രാഹുൽ

.
ചൈന- ഇന്ത്യ അതിർത്തി സംഘർഷത്തിൽ മോഹൻ ഭാഗവതിനെ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിമ‌ർശിച്ചു.

മോഹൻ ഭാഗവതിന് സത്യം അറിയാം. എന്നാൽ അത് നേരിടാൻ ഭയമാണ്. ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയെന്നതാണ് സത്യം. കേന്ദ്രസർക്കാരും ആർ.എസ്.എസും അതിന് അനുവദിച്ചെന്നും രാഹുൽ ട്വീറ്റ് ചെയ്തു.