
ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പിന് ഒരു ആഴ്ച മാത്രം ബാക്കി നിൽക്കെ മദ്ധ്യപ്രദേശ് കോൺഗ്രസിൽ നിന്ന് എം.എൽ.എ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. ദാമോ മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എയായിരുന്ന രാഹുൽ ലോധിയാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്.
മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. ഇന്നലെ രാവിലെയാണ് ലോധി നിയമസഭാ അംഗത്വം രാജിവച്ചത്.
ഇതോടെ ഈ വർഷം മാർച്ച് വരെ മദ്ധ്യപ്രദേശ് കോൺഗ്രസ് വിട്ടു പോയ എം.എൽ.എമാരുടെ എണ്ണം 26 ആയി. 230 അംഗ നിയമസഭയിൽ ഇതോടെ കോൺഗ്രസിന് 83 എം.എൽ.എമാരായി. നവംബർ മൂന്നിന് മദ്ധ്യപ്രദേശിലെ 28 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.