
ന്യൂഡൽഹി: ബീഹാറിൽ ജനതാദൾ രാഷ്ട്രീയവാദി പാർട്ടി സ്ഥാനാർത്ഥിയെ വെടിവച്ചുകൊന്നു. ശീവർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നാരായൺ സിംഗാണ് (45) കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകനും മരിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാളെ നാരായൺ സിംഗിന്റെ അനുഭാവികൾ അടിച്ചുകൊന്നു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ഹാത്സർ ഗ്രാമത്തിൽ പ്രചാരണം നടത്തവെ ശനിയാഴ്ച വൈകിട്ടാണ് സംഭവം. അനുഭാവിയെന്ന ഭാവേന ആൾക്കൂട്ടത്തിലൂടെ നാരായൺ സിംഗിനടുത്തെത്തിയ അക്രമി വെടിവയ്ക്കുകയായിരുന്നു. നെഞ്ചിനാണ് വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാരായൺ സിംഗിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ട് ഗുണ്ടാസംഘംങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. ജെ.ഡി.യു. എൽ.ജെ.പി, ബി.എസ്.പി തുടങ്ങിയ പാർട്ടികളുടേതടക്കം 15 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. നവംബർ മൂന്നിനാണ് വോട്ടെടുപ്പ്.