modi

ന്യൂഡൽഹി : കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ വേണം എല്ലാ ആഘോഷങ്ങളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു. ഖാദി പോലുള്ള പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങാൻ ജനം പ്രത്യേകം ശ്രദ്ധിക്കണം. ഡൽഹി കൊണാട്ട് പ്ലേസിലെ ഖാദി സ്റ്റോറിൽ ഇപ്രാവശ്യം ഗാന്ധി ജയന്തി വേളയിൽ ഒരു ദിവസം ഒരുകോടിയിലധികം രൂപയുടെ കച്ചവടം നടന്നു. ഖാദി മാസ്‌കും വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുന്നു.

ശുചീകരണ ജീവനക്കാർ, വീട്ടിൽ ജോലിക്കായി വരുന്നവർ, പ്രാദേശിക കടക്കാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവർക്കൊക്കെ നമ്മുടെ ജീവിതത്തിൽ എന്താണ് പങ്കെന്ന് നാം ഇപ്പോൾ നന്നായി മനസിലാക്കിയിരിക്കുന്നു. അതിനാൽ ഇവരെക്കൂടി സന്തോഷത്തിൽ പങ്കാളികളാക്കണം. അതിരുകൾ കാക്കുന്ന ധീര സൈനികരെ ഓർക്കണം. നമ്മുടെ പല പ്രാദേശിക ഉത്പന്നങ്ങൾക്കും ആഗോളതലത്തിലേക്കെത്താനുള്ള കഴിവുണ്ട്. ദീർഘകാലം ഖാദി ലാളിത്യത്തിന്റെ നിദർശനമായിരുന്നു.

ഇപ്പോൾ പരിസ്ഥിതിസൗഹൃദ തുണി എന്ന നിലയിലും അറിയപ്പെടുന്നു. ആരോഗ്യത്തിന്റെ വീക്ഷണത്തിൽ നോക്കിയാൽ ഇതു ശരീരത്തിനിണങ്ങുന്ന തുണിയാണ്. ഫാഷന് യോജിക്കുന്നതുമാണ്. നമുക്കു നമ്മുടെ സാധനങ്ങളിൽ അഭിമാനം തോന്നുമ്പോൾ ലോകമെങ്ങും അവയോടു ജിജ്ഞാസ വർദ്ധിക്കും. നമ്മുടെ ആധ്യാത്മികത, യോഗ, ആയുർവേദം എന്നിവ ലോകത്തെ മുഴുവൻ ആകർഷിച്ചു. രാജ്യത്ത് എത്രയോ ആയോധനകലകളുണ്ട്. യുവസുഹൃത്തുക്കൾ ഇതേക്കുറിച്ചും അറിയണം, പഠിക്കണം എന്നാഗ്രഹിക്കുന്നു. വരാൻ പോകുന്ന ഉത്സവങ്ങൾക്കെല്ലാം ആശംസകൾ. മൂന്നു കാര്യങ്ങൾ എപ്പോഴും ഓർക്കണം -മാസ്‌കണിയണം, കൈകൾ സോപ്പുകൊണ്ടു കഴുകണം, അകലം പാലിക്കണം - മോദി പറഞ്ഞു.