യു.എസ് സെക്രട്ടറിമാർ എത്തി
ന്യൂഡൽഹി: പ്രതിരോധ, വിദേശകാര്യ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മൂന്നാമത് ഇന്ത്യ- യു.എസ് 2+2 മന്ത്രിതല ചർച്ച ഇന്നു നടക്കും. ചർച്ചയിൽ പങ്കെടുക്കാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാർക് ടി. ഇസ്പറും ഇന്നലെ ഡൽഹിയിൽ എത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ട്രംപ് ഭരണകൂടം ഒരു രാജ്യവുമായി നടത്തുന്ന നിർണായക ചർച്ചയാണിത്. ചൈനയുമായുള്ള സംഘർഷം അതിർത്തിയിൽ നിലനിൽക്കവെ യു.എസുമായുള്ള തന്ത്രപ്രധാന സഹകരണത്തെ ഇന്ത്യയും പ്രാധാന്യത്തോടെ കാണുന്നു.
മൈക്ക് പോംപിയോ വിദേശകാര്യ മന്ത്രി ജയശങ്കറുമായും പ്രതിരോധ സെക്രട്ടറി മാർക് ടി. ഇസ്പർ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും ചർച്ച നടത്തും.
ഇന്നത്തെ ചർച്ചയ്ക്ക് മുന്നോടിയായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ബെക്ക (ബേസിക് എക്സേഞ്ച് ആൻഡ് കോർപറേഷൻ എഗ്രിമെന്റ് ഫോർ ജിയോ സ്പെഷ്യൽ കോർപറേഷൻ) ഉടമ്പടിക്ക് 2+2 ചർച്ചയിൽ അന്തിമ രൂപം നൽകും. ചൈനയുമായുള്ള അതിർത്തി തർക്കം മുൻനിറുത്തി യു.എസിൽ നിന്ന് ഇന്ത്യ വൻതോതിൽ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വാങ്ങുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യാ കൈമാറ്റം, സംയുക്ത നിർമ്മാണ കരാർ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും. ഇരുവരും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
യു.എസ് പ്രതിരോധ സെക്രട്ടറി മാർക്കിന് ഡൽഹിയിൽ ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചൈനീസ് കടന്നുകയറ്റംകൂടിക്കാഴ്ചയിൽ വിഷയമായെന്നാണ് സൂചന.
ഏഷ്യയിലും ദക്ഷിണാ ചൈനാ കടലിലും ചൈനയുടെ വർദ്ധിച്ചു വരുന്ന തന്ത്രപ്രധാനമായ സ്വാധീനത്തിന് തടയിടുകയാണ് യു.എസ് സഹകരണത്തിന്റെയും ചർച്ചയുടെയും അടിസ്ഥാനം. ഇരുവരും ചൈനയ്ക്ക് സ്വാധീനമുള്ള ശ്രീലങ്ക, മാലി രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്.